ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് അവതരിപ്പിച്ച 'പഞ്ചനക്ഷത്ര സ്വപ്നം' അതിമനോഹരമായി
Wednesday, April 22, 2015 5:23 AM IST
അറ്റ്ലാന്റ: അറ്റ്ലാന്റയിലെ ഹെര്‍മോന്‍ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ധനശേഖരണത്തോടനുബന്ധിച്ച് ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് അവതരിപ്പിച്ച 'പഞ്ചനക്ഷത്രസ്വപ്നം' എന്ന സാമൂഹ്യനാടകം അതിമനോഹരമായി. 18 -നു ശനിയാഴ്ച അഞ്ചിനു മൌണ്ടന്‍ വ്യൂ ഹൈസ്കൂളിലാണു ഹാഗാര്‍ എന്ന വര്‍ണശബളമായ ക്രിസ്ത്യന്‍ ടാബ്ളോയോടുകൂടി ആരംഭിച്ചത്.

അഭ്യസ്തവിദ്യയായ ഒരു ഭാര്യയുടെ യാതനകളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തെ വരച്ചുകാണിക്കുന്നതായിരുന്നു കഥാബിന്ദു. ശക്തമായ കഥാപാത്രമായിരുന്ന പഞ്ചായത്ത് പ്രസിഡന്റായ മഹാദേവന്‍ തമ്പി (രഞ്ജി കൊച്ചുമ്മന്‍)യുടെ ഭാര്യ ഗൌരി മരിച്ചതിനു ശേഷമാണ് ബാങ്ക്മാനേജരായ മകന്‍, ശാരദയെ വിവാഹം കഴിച്ചുകൊണ്ടുവരുന്നത്. വന്നു കയറിയ ദിവസം മുതല്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും അനിയന്റെയും കാര്യങ്ങളെല്ലാം, അമ്മ നോക്കിയിരുന്നതിലും ഭംഗിയായി ശാരദ നോക്കിനടത്തുന്നു. കൂടാതെ തൊഴുത്തിലെ പശുക്കളുടെ കാര്യങ്ങളും. ഇതിനിടെയാണു ബാല്യം മുതലേ ആഗ്രഹിച്ചിരുന്നതുപോലെ, കോളജ് അധ്യാപികയായി നിയമനം എത്തുന്നത്. അവിടുന്നങ്ങോട്ട് കുടുംബത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളും നാത്തൂനും ഭര്‍ത്താവും ഗള്‍ഫില്‍ നിന്ന് എത്തുന്നത് മൂലം അനുഭവിക്കുന്ന പഴികളും ദുഷികളും സഹോദരന്‍ സ്നേഹത്തോടെ വന്ന് സ്വഭവനത്തിലേക്ക് ക്ഷണിക്കുന്നതുമെല്ലാം അടക്കം സന്തോഷപര്യവസായിയായിരുന്നു നാടകം.

കഥയിലെ മുഖ്യകഥാപാത്രമായ ശാരദയെ അവതരിപ്പിച്ചത് 'അക്കരകാഴ്ചകളി'ലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സജിനി സഖറിയ ആയിരുന്നു. മറ്റ് വേഷങ്ങളില്‍ അഭിനയിച്ചവരെല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. ഓരോ കഥാപാത്രങ്ങളും നാമറിയുന്ന ആരെല്ലാമോ ആണന്ന് തോന്നിക്കുന്ന തരത്തില്‍ ജീവനുള്ളവരായിരുന്നു. തോമസ് ഉമ്മന്‍, ഷൈനി ഏബ്രഹാം, ജിജി ഏബ്രഹാം, സണ്ണി റാന്നി, റോയ് മാത്യു, റ്റീനോ തോമസ്, ഷിബു ഫിലിപ്പ്, ഡിജോ മാത്യു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്. റിക്കാര്‍ഡ് ചെയ്യാതെ സംസാരിച്ചുകൊണ്ട് അഭിനയിക്കുന്നത് വളരെ കൌതുകം ഉളവാക്കുന്നതായിരുന്നു.

ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ കഥയ്ക്ക് രഞ്ജി കൊച്ചുമ്മന്‍ ആണു സംവിധാനം നിര്‍വഹിച്ചത്. ഫൈന്‍ ആര്‍ട്സ് പേട്രണ്‍ പി.ടി. ചാക്കോ (മലേഷ്യ), പ്രസിഡന്റ് ജിജി ഏബ്രഹാം, സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ എഡിസണ്‍ ഏബ്രഹാം, സംഗീതം റീന. സാങ്കേതിക സംവിധാനം സാമുവേല്‍ ഏബ്രഹാം. ചാക്കോ ടി. ജോണ്‍ ആയിരുന്നു തിരശീലക്ക് പിന്നില്‍ മുഖ്യമേല്‍നോട്ടം വഹിച്ചത്. വെളിച്ചം നല്‍കിയത് ജിജി ഏബ്രഹാം. നടീനടന്മാരെ അണിയിച്ചൊരുക്കിയത് പി.എസ് ഏബ്രഹാം ആയിരുന്നു.
അറ്റ്ലാന്റയിലെ ജിജോ തോമസും സഹോദരന്‍ ജസ്റിന്‍ തോമസും ശബ്ദവും ഫോട്ടോയും വളരെ ഭംഗിയായി നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ചെറിയാന്‍