'ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ് സുതാര്യവും അഴിമതിരഹിതവുമായി നടത്തണം'
Tuesday, April 21, 2015 7:03 AM IST
ദമാം: ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പിനുള്ള അവസരം പോലും നിഷേധിക്കുന്ന തരത്തില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്തി ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് സമതിയിലേക്കു വോട്ടെടുപ്പു നടത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നു നവയുഗം സാംസ്കാരിക വേദി.

മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് ഏഴു പേരെയാണു രക്ഷകര്‍ത്താക്കള്‍ക്കു വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാന്‍ അവസരമുള്ളത്. തെരഞ്ഞെടുക്കുന്ന മാനേജ്മെന്റ് കമ്മിറ്റിയില്‍ ഭാവിയില്‍ ഒഴിവുവന്നാല്‍ വോട്ട് നേടി എഴാം സ്ഥാനത്തിനു താഴെയുള്ളവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തലാണു കീഴ്വഴക്കം. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് എല്ലാ നിബന്ധനകളും പാലിച്ച് പത്രിക സമര്‍പ്പിച്ച 16 പേരില്‍ ആറു പേരുടെ പത്രിക ഒരു കാരണവും കൂടാതെ തള്ളിയതായി മുഖ്യവരണാധികാരി പ്രഖ്യാപിക്കുകയും ബാക്കിയുള്ള 10 പേരില്‍ ഒരാളെകൊണ്ടു പത്രിക പിന്‍വലിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നിലവില്‍ ഒന്‍പതു പേരാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ പലരും മുന്‍ തിരക്കഥപ്രകാരം മത്സര രംഗത്ത് വന്നവരാണെന്നും ഇവരുടെ വിജയം ഉറപ്പിക്കാനാണ് ഒരു കാരണവും കൂടാതെ ആറു പേരുടെ പത്രിക തള്ളിയതെന്നും ഒരാളെക്കൊണ്ട് പത്രിക പിന്‍വലിപ്പിച്ചതെന്നും രക്ഷാകര്‍ത്താക്കളുടെ ഇടയില്‍നിന്ന് ഇതിനോടകംതന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും അഴിമതിരഹിതവും നേതൃപാടവവും സാമൂഹിക പ്രതിബധതയും കാര്യപ്രാപ്തിയുമുള്ള ഒരു ഭരണ സമിതി നിലവില്‍ വരേണ്ടത് ആവശ്യമാണ്. അതിന് ഉതകുന്ന തരത്തില്‍ സുതാര്യമായിട്ടാകണം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഉത്തരവാദപ്പെട്ടവര്‍ ഒരുക്കേണ്ടുന്നത്. പത്രികകള്‍ തള്ളിപോയ സ്ഥാനാര്‍ഥികള്‍ക്ക് എന്തു കാരണംകൊണ്ടാണ് തങ്ങളുടെ പത്രികകള്‍ തള്ളിയത് എന്ന് അറിയുവാനുള്ള അവകാശം നിഷേധിക്കുന്നത് ദുരൂഹത ഉണര്‍ത്തുന്നതും അപലപനീയവുമാണ്. മാത്രവുമല്ല രക്ഷിതാക്കള്‍ അല്ലാത്തവര്‍ സ്കൂള്‍ ഭരണകാര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്ന നിലവിലെ സംവിധാനം മാറ്റിയേ മതിയാകുവെന്നും ഇതിനായി രക്ഷാകര്‍ത്താക്കളെ അണിനിരത്തി നിയമപരമായി നേരിടുമെന്നും നവയുഗം പത്രക്കുറിപ്പിലൂടെ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം