ഇല്ലിനോയ്സ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ബംഗളൂരുവില്‍ ബോണ്‍ മാരോ യൂണിറ്റ്
Tuesday, April 21, 2015 6:55 AM IST
ഇല്ലിനോയ്സ്: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സിന്റെ സഹകരണത്തോടെ ബംഗളൂരു രാമയ്യ മെഡിക്കല്‍ കോളജില്‍ അഞ്ചു കിടക്കകളോടുകൂടിയ ബോണ്‍ മാരൊ ട്രാന്‍സ്പ്ളാന്റ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി, ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് സിസ്റം, ബ്ളഡ് ആന്‍ഡ് മാരോ ട്രാന്‍സ് പ്ളാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഡാമിയാനോ റൊണ്ടലിയാണു യൂണിറ്റ് സ്ഥാപിക്കാനാവശ്യമായ നിര്‍ദേശങ്ങളും സഹകരണവും നല്‍കിയത്.

അന്തര്‍ദേശീയ നിലവാരമുളള ഇന്ത്യയിലെ ആദ്യ ബോണ്‍ മാരോ ട്രാന്‍സ് പ്ളാന്റ് പ്രോഗ്രാമാണ് രാമയ്യ മെഡിക്കല്‍ കോളജിലേതെന്ന് ഇല്ലിനോയ്സ് യൂണിവേഴ്സിറ്റിയുടെ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കുറഞ്ഞ ചെലവില്‍ വളരെ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിനുളള സജീകരണങ്ങളാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്. രാമയ്യ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് അമേരിക്കയില്‍ മടങ്ങിയെത്തിയ ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി മൈക്രോ ബയോളജി അസോസിയേറ്റ് ഡീന്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ എസ്. പ്രഭാകര്‍ രാമയ്യ സെന്ററിലെ ഡോക്ടര്‍മാരുമായി ആഗോള ആരോഗ്യ സംരക്ഷണ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഹീമോ ഗ്ളോബിനിലെ തകരാറുമൂലം ദുരിതമനുഭവിക്കുന്നത് സൌത്ത് ഈസ്റ് ഏഷ്യയിലെ രോഗികളാണെന്നും ഇവര്‍ക്കു ബോണ്‍ മാരോ ട്രാന്‍സ് പ്ളാന്റേഷന്‍ ആവശ്യമാണെന്നും ഈ യൂണിറ്റ് അതിനു സഹായകരമാകുമെന്നും പ്രഭാകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍