'തുഹ്ഫതുല്‍ മുജാഹിദിന്‍' ഗള്‍ഫ് പ്രകാശനം ഏപ്രില്‍ 23ന്
Tuesday, April 21, 2015 6:52 AM IST
അബുദാബി: സൂഫിവര്യനും ആത്മീയാചാര്യനും നവോഥാന നായകനുമായിരുന്ന ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ 'തുഹ്ഫത്തുല്‍ മുജാഹിദിന്റെ' ഗള്‍ഫ് പ്രകാശനവും സെമിനാറും ഏപ്രില്‍ 23ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

അറബ്, ഇംഗ്ളീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ ഒറ്റ പുസ്തകമായിട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട് സാമൂതിരിപ്പാടിനെ അമീറായി അംഗീകരിക്കുകയും കേരളക്കരയിലെ പോര്‍ച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കാന്‍ ആശയപരമായി പ്രേരിപ്പിക്കുകയും ചെയ്തതു ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമനാണ്. അധിനിവേശ ശക്തികള്‍ക്കെതിരേയുള്ള ആഹ്വാനമായിരുന്നു ഈ ചരിത്ര ഗ്രന്ഥം.

ഇതിന്റെ പരിഭാഷയ്ക്കു നേതൃത്വം നല്‍കിയതു പ്രമുഖ ചരിത്രകാരനും കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍. കുറുപ്പാണ്.

പത്രസമ്മേളനത്തില്‍ ഡോ. കെ.കെ.എന്‍. കുറുപ്പ്, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, പി. ബാവഹാജി, വി.പി.കെ. അബ്ദുള്ള, കരപ്പത്ത് ഉസ്മാന്‍, ജലീല്‍ രാമന്തളി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള