കാനഡയില്‍ ജോബ്സണ്‍ ഈശോ ഭരണകക്ഷി പാര്‍ലമെന്റ് സ്ഥാനാര്‍ഥി
Tuesday, April 21, 2015 5:36 AM IST
ഒന്റാരിയോ: പ്രവാസജീവിതത്തില്‍ വിജയക്കൊടി പാറിച്ച മലയാളികളില്‍ ഒരാളാണ് ജോബ്സണ്‍ ഈശോ. മലയാളി സമൂഹത്തിനു തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ കാനഡയുടെ മണ്ണില്‍ സ്വന്തം പരിശ്രമവും ആത്മവിശ്വാസവും കഠിനാധ്വാനവും മുതല്‍ക്കൂട്ടാക്കി വിജയം കൈവരിച്ച ജോബ്സണ്‍ ഈശോ കാനഡയിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്ററി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പാര്‍ലിമെന്റിലെക്കു മത്സരിക്കുകയാണ്.

സാധാരണ ഒരു മലയാളി കുടിയേറ്റകാരനെപ്പോലെതന്നെ രണ്ടു പതിറ്റാണ്ടു മുന്‍പ് കാനഡയുടെ മണ്ണില്‍ കുടുംബ സമേതം ജീവിതം തുടങ്ങിയ ജോബ്സണ്‍ അന്നും ഇന്നും മലയാളികള്‍ക്കു സുപരിചിതനാണ് കോഴഞ്ചരിക്കടുത്ത് മാരാമണ്‍ ആറഞ്ഞാട്ട് പരേതനായ ജോണ്‍ ഈശോ -പൊന്നമ്മ ദമ്പതികളുടെ മകനായ ജോബ്സണ്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ സജീവ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. ആര്‍ട്സ് ക്ളബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

കോളജ് പഠനം കഴിഞ്ഞ് 1993ല്‍ കാനഡയിലേക്കു കുടിയേറുകയും ഷെറാട്ടണ്‍, ഹില്‍ട്ടണ്‍ തുടങ്ങിയ ഹോട്ടലുകളില്‍ ജോലി ചെയ്തതിനു ശേഷം 2002ല്‍ സ്വന്തമായി ചെയിന്‍ റസ്ററന്റുകളുടെ ബിസിനസ് നടത്തിവരികയാണ്. തന്റെ തിരക്കിട്ട ബിസിനസ് ജീവിതത്തിലും ലോക്കല്‍ കമ്യൂണിറ്റിയില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും, വിവിധ കമ്യുണിറ്റിയില്‍ ഉള്ളവരുമായി സ്നേഹ ബന്ധം സ്ഥാപിക്കാനും ജോബസണ് കഴിഞ്ഞു. ഭാര്യ ഇന്ദു (കണ്ടനാട് മട്ടമേല്‍ കുടുംബാംഗമാണ്). വിദ്യാര്‍ഥികളായ അലീന, അലന്‍ എന്നീ മക്കളുമൊത്തു ഒന്റാരിയോയിലെ മാര്‍ക്കത്തു താമസിക്കുന്ന ജോബ്സണ്‍ പൊതു പ്രവര്‍ത്തനരംഗത്തു സജീവമാണ്.

റിപ്പോര്‍ട്ട്: ജയ് പിള്ള