ഫോമാ മിഡ് അറ്റ്ലാന്റിക് റീജണിന്റെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 25ന്
Tuesday, April 21, 2015 5:33 AM IST
ന്യൂജേഴ്സി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ ശക്തി കേന്ദ്രമായ മിഡ് അറ്റ്ലാന്റിക് റീജണ്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം ഉത്സവമായ വിഷു ഏപ്രില്‍ 25ന് (ശനിയാഴ്ച) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നായി ആറു പ്രമുഖ അസോസിയേഷനുകളാണു ഫോമാ അറ്റ്ലാന്റിക് റീജണില്‍ ഉള്ളത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), കേരള ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക (കലാ), കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്), കേരള സമാജം ഓഫ് ന്യൂജേഴ്സി (കെഎസ്എന്‍ജെ), സൌത്ത് ജേഴ്സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്സ് (എസ്ജെഎകെ), ഡെലവെയര്‍ മലയാളി അസോസിയേഷന്‍ (ഡെല്‍മ) എന്നീ സംഘടനകളാണു ഫോമാ റീജിയണ്‍ 4ല്‍ ഉള്ളത്. ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കും.

വിഷു ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് റീജണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ബിനു ജോസഫും സണ്ണി എബ്രഹാമുമാണു. ഫോമായുടെ തലമൂത്ത നേതാക്കളായ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു, മുന്‍ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്,മുന്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ സങ്കരത്തില്‍, എന്നിവരോടൊപ്പം സാബു സ്കറിയ (പ്രസിഡന്റ് മാപ്), ജോ പണികര്‍ (പ്രസിഡന്റ് കാന്‍ജ്), തോമസ് എബ്രഹാം (പ്രസിഡന്റ് കലാ), ബോബി തോമസ് (പ്രസിഡന്റ് കെഎസ്എന്‍ജെ), ജോര്‍ജ് ഏബ്രഹാം (പ്രസിഡന്റ് എസ്ജെഎകെ), ലാരി അല്‍മീഡ (പ്രസിഡന്റ് ഡെല്‍മ) എന്നിവരും പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്.

2015ലെ പെന്‍സില്‍വേനിയ, ന്യൂജേഴ്സി, ഡെലവയര്‍ എന്നീ സംസ്ഥാനങ്ങള്‍ കണ്ട ഏറ്റവും വലിയ വിഷു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണു സംഘാടകര്‍. വിഷു മഹോത്സവം കെങ്കേമമാക്കാന്‍ എല്ലാ മലയാളികളുടെയും സഹായസഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്