സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക; പത്രിക തള്ളിയ സാഹചര്യം വിശദീകരിക്കണം
Monday, April 20, 2015 7:36 AM IST
ദമാം: ഏപ്രില്‍ 25 ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാനാര്‍ഥികള്‍ക്കു വോട്ട് രേഖപ്പെടുത്താന്‍ നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി ആഹ്വാനം ചെയ്തു.

സ്കൂളിനു പുതിയ മള്‍ട്ടി കോംപ്ളക്സ് കാമ്പസ് കണ്െടത്തുക, ആധുനിക സാങ്കേതികവിദ്യകള്‍ പഠനത്തിനായി ഉപയോഗിക്കുക, അധ്യാപകര്‍ക്ക് സാങ്കേതികവും വിഷയടിസ്ഥനത്തില്‍ റിഫ്രഷ്മെന്റെ കോഴ്സുകള്‍ നല്‍കുക, വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിനായുള്ള സമയ ബന്ധിതമായ പരിപാടികള്‍ ആവിഷ്കരിക്കുക, കരിക്കുലം നിലവാരം പരിശോധിക്കുന്നതിനായി അധ്യാപക, രക്ഷാകര്‍തൃ സമിതി രൂപവത്കരിക്കുക, സ്കൂള്‍ ഫീസ് അടയ്ക്കുന്നതിനായി ആധുനിക സംവിധാനങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന മെംബര്‍മാര്‍ ശ്രദ്ധ നല്‍കണമെന്നു നവോദയ ആവശ്യപ്പെട്ടു.

ഡോ. അബ്ദുസലാം കണ്ണിയന്‍, റഷീദ് ചെറിയ കൊത്തൂര്‍ (കേരള), ചിന്നപ്പ ആരോഗ്യസാമി, ഫ്രാന്‍സിസ് ബോര്‍ജിയോ (തമിഴ്നാട്), മുഹമ്മദ് അബ്ദുള്‍ വാരിസ് (തെലുങ്കാന), മുഹമ്മദ് അക്തര്‍ ഹസ്നൈന്‍ (ഉത്തര്‍പ്രദേശ്), ഇര്‍ഫാന്‍ ഇഖ്ബാല്‍ ഖാന്‍ (മഹാരാഷ്ട്ര) എന്നിവരെ പിന്തുണയ്ക്കാന്‍ നവോദയ തീരുമാനിച്ചു.

അതേ സമയം നാമനിര്‍ദേശപത്രിക നല്‍കിയ ആറു പേരുടെ പത്രിക തള്ളാനുണ്ടായ സാഹചര്യം വിശദീകരിക്കാന്‍ സ്കൂള്‍ അധികാരികള്‍ തയാറാകണമെന്നു നവോദയ ആവശ്യപ്പെട്ടു. സ്കൂളിന്റെ പൊതുനന്മ മുന്നില്‍ കണ്ട് എല്ലാ രക്ഷിതാക്കളും വോട്ടുചെയ്യാന്‍ തയാറായി മുന്നോട്ടു വരണമെന്നു നവോദയ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം