ഇസ്ലാഹി സര്‍ഗമേള 'ബാലകൌതുകം 2015' അബാസിയ ഓവറോള്‍ ചാമ്പ്യന്മാര്‍
Monday, April 20, 2015 7:34 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള മദ്രസകളുടെ സര്‍ഗമേള 'ബാലകൌതുകം 2015' അബാസിയ മദ്രസ 535 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. ഫഹാഹീല്‍ രണ്ടാം സ്ഥാനവും സാല്‍മിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുട്ടികളുടെ വൈവിധ്യമായ കലാപ്രകടനങ്ങള്‍ മേളയ്ക്കു മികവു നല്‍കി. പ്രസംഗം, ഹിഫ്ള്‍, തജ്വീദ്, ഗാനം, ചിത്രരചന, കളറിംഗ്, കഥ പറയല്‍, ആംഗ്യപാട്ട്, ബാങ്കുവിളി, കോല്‍ക്കളി, ഒപ്പന, പ്രബന്ധം, പോസ്റര്‍ ഡിസൈന്‍ തുടങ്ങി വൈവിധ്യമായ പരിപാടികളാണു സര്‍ഗമേളയില്‍ നടന്നത്. കാണികള്‍ക്കു ഹരം നല്‍കി പി.ടി. നാസര്‍ മടവൂരിന്റെ മാജിക് ഷോയും നടന്നു.

കുട്ടികളെ ഉപകാരപ്രദമാക്കാന്‍ ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മതപരമായ വിജ്ഞാനവും സംസ്കാരവും നല്‍കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്നു മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് (എംഎസ്എം) സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ മാമാങ്കര വിശദീകരിച്ചു. സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നന്മയുടെ വാഹകരാകേണ്ട കുട്ടികളുടെ ഓരോ കാര്യങ്ങളിലും ശ്രദ്ധചെലുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ പ്രത്യേക അധ്യായങ്ങള്‍തന്നെയുണ്ട്. കുട്ടികളിലേക്കു ധാര്‍മിക ബോധം ലഭ്യമാക്കേണ്ടതില്‍ രക്ഷിതാക്കള്‍ കാര്യമായ പരിഗണന നല്‍കുന്നില്ലെങ്കില്‍ ഭാവിതലമുറ വലിയ വിപത്തുകള്‍ വാങ്ങേണ്ടിവരുമെന്നു ജലീല്‍ മാമാങ്കര സൂചിപ്പിച്ചു.

ബാലകൌതുകം സര്‍ഗമേള ഡോ. അമീര്‍ (ഡോക്ടേസ് ഫോറം) ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജലീല്‍ മാമാങ്കര, ഐഐസി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്‍.കെ. മുഹമ്മദ്, ഹംസ പയ്യന്നൂര്‍ (മീഡിയ ഫോറം), ഷംനാദ് കാസിം (ബുസ്തല്‍ അല്‍ ഖലീജ്), മുഹമ്മദ് റഫീഖ് (മാനേജര്‍ ഗ്രാന്‍ഡ് ഹൈപ്പര്‍), എന്‍ജിനിയര്‍ അന്‍വര്‍, എന്‍ജിനിയര്‍ ബിനു അബ്ദുള്‍ കരീം, എന്‍ജിനിയര്‍ ഷംജാദ് ഹനീഫ്, മൊയ്തീന്‍ കോയ (റിട്ട. എഡിഎം) എന്നിവര്‍ വിതരണം ചെയ്തു. സമാപന സംഗമം എന്‍ജിനിയര്‍ ഹൈദ്രോസ് അലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അയൂബ് ഖാന്‍, പി.വി അബ്ദുള്‍ വഹാബ്, റഹീം മാറഞ്ചേരി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍