ശ്രീജിത്തിനു സാന്ത്വനവുമായി നവയുഗം ദരാം ഖുദരിയ ഈസ്റ് യൂണിറ്റ്
Monday, April 20, 2015 7:32 AM IST
ദമാം: ഹീമോഫീലിയ എന്ന രോഗത്തിന് അടിമപ്പെട്ട് ഇരുവശത്തെയും ഇടുപ്പെല്ലുകള്‍ തേഞ്ഞ് പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പറ്റാതെ കിടപ്പിലായ കൊല്ലം അഴീക്കല്‍ സ്വദേശി ഇരുപത്തെട്ടുകാരനായ ശ്രീജിത്തിന് ഒരു കൈത്താങ്ങ് സഹായമായി നവയുഗം ദമാം ഖുദരിയ ഈസ്റ് യൂണിറ്റ് സമാഹരിച്ച ധനസഹായം എത്തിച്ചു.

ശ്രീജിത്തിനെ ചികിത്സിക്കുന്ന വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നത് ശ്രീജിത്തിന്റെ രണ്ട് ഇടുപ്പെല്ലുകളും മാറ്റിവയ്ക്കണമെന്നാണ്. എന്നാല്‍ ഹീമോഫീലിയ എന്ന രോഗം മൂലം ഓപ്പറേഷന്‍ സമയത്ത് ക്രമാതീതമായി രക്തസ്രാവം ഉണ്ടാകുമെന്നതുകൊണ്ട് ഫാക്ടര്‍ 8 എന്ന ഇന്‍ജക്ഷന്‍ ചെയ്യണം. ആദ്യം ഒരു വശത്തെ ഇടുപ്പെല്ല് മാറ്റി വച്ചതിനുശേഷം ആറു മാസങ്ങള്‍ക്കുശേഷം മാത്രമേ അടുത്ത വശത്തെ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റുകയുള്ളു. ഒരു ഫാക്ടര്‍ 8 എന്ന ഇന്‍ജക്ഷന് മാത്രം 12 ലക്ഷം രൂപ ചെലവു വരും കൂടാതെ ഒരു വശത്തെ ഓപ്പറേഷന് ആശുപത്രിയില്‍ നാലു ലക്ഷം രൂപയും കെട്ടിവയ്ക്കണം. അങ്ങനെ മൊത്തം 32 ലക്ഷം രൂപ വേണ്ടി വരും ശ്രീജിത്തിനു ഓപ്പറേഷനുമാത്രം. അന്നന്നുള്ള അന്നത്തിനുതന്നെ വഴികാണാതെ വിഷമിക്കുന്ന മത്സ്യത്തൊഴിലാളിയായ ശ്രീജിത്തിന്റെ കുടുംബത്തിനു ഈ തുക കണ്െടത്തുക എന്നത് അസാധ്യമാണ്. ശ്രീജിത്തിന്റെ അച്ഛന്‍ ബോസ് മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോയാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. ബോസിന്റെ മൂന്നു മക്കളില്‍ മൂത്തമകനും ഇപ്പോള്‍ ഇതേ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ശ്രീജിത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കൂടെ നില്‍ക്കേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ മീന്‍ പിടിത്തത്തിനായി വള്ളത്തില്‍ പോകാന്‍ പറ്റാത്ത സാഹചര്യമാണ്.

ശ്രീജിത്തിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ ശ്രീജിത്തിന്റെ നാട്ടുകാരനും നവയുഗം ദമാം ഖുദരിയ ഈസ്റ് യൂണിറ്റ് രക്ഷാധികാരിയുമായ എസ്. പ്രസന്നന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു നവയുഗം ദമാം ഖുദരിയ ഈസ്റ് യൂണിറ്റ് സമാഹരിച്ച തുക നാട്ടില്‍ കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ. ഇസ്മായിലിന്റെ നേതൃത്വത്തില്‍ എസ്. പ്രസന്നനും നവയുഗം പ്രവര്‍ത്തകരും ചേര്‍ന്ന് ശ്രീജിത്തിന്റെ പിതാവായ ബോസിനു കൈമാറി.

കരുനാഗപ്പള്ളി സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണന്‍ പിള്ള അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ഫെഡറേഷന്‍ കൊല്ലം ജില്ലാ സെക്രട്ടറി സുലൈമാന്‍ സ്വാഗതവും വെളിയം മോഹനന്‍ നന്ദിയും പറഞ്ഞു. നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.ആര്‍.അജിത്, നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി അജിത് ഇബ്രാഹിം, നവയുഗം ദമാം മേഖലാ സെക്രട്ടറി നവാസ് ചാന്നാന്‍കര, നവയുഗം ഖുദരിയ ഈസ്റ് യൂണിറ്റ് -സി രക്ഷാധികാരി എസ്. പ്രസന്നന്‍, സിപിഐ സംസ്ഥാന കൌണ്‍സില്‍ അംഗം വിജയമ്മലാലി, ജില്ല കൌണ്‍സില്‍ അംഗം അഡ്വ. എം.എസ്. താര, നവയുഗം ദമാം മേഖല മുന്‍ ട്രഷറര്‍ ശ്രീകുമാര്‍ വെള്ളല്ലുര്‍, പ്രവാസി ഫെഡറേഷന്‍ അംഗങ്ങളായ പോളയില്‍ അഷറഫ്, റഷീദ് മൈനാഗപള്ളി,നിലമേല്‍ ഷാജഹാന്‍, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ സലാം, ബി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം