നഴ്സിംഗ് റിക്രൂട്ട്മെന്റ് മൂന്ന് ഏജന്‍സികള്‍ വഴി മാത്രം
Monday, April 20, 2015 5:29 AM IST
കുവൈറ്റ്: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സ്മാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നത്തിനുള്ള അംഗീകാരം തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സിയായ ഓവര്‍സീസ് മാന്‍പവര്‍ ഡെവലപ്മെന്റ് കോര്‍പറേഷനും നല്‍കി. ഇതോടെ നോര്‍ക്കറൂട്ട്സ്, ഒഡെപെക്, ഓവര്‍സീസ് മാന്‍പവര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ എന്നീ മൂന്ന് ഏജന്‍സികള്‍ മുഖേനയായിരിക്കും നഴ്സിംഗ് നിയമനം നടത്തുക. കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനാണു ഇക്കാര്യം വ്യക്തമാക്കിയത്. ഈ മൂന്ന് ഏജന്‍സികള്‍ മുഖേന നിയമനം നേടുന്നവര്‍ക്കു മാത്രമേ മേയ് ഒന്ന് മുതല്‍ വിദേശത്തു പോകുന്നതിനുള്ള ക്ളീയറന്‍സ് ലഭിക്കുകയുള്ളൂ. കുവൈറ്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നു സ്ഥാനപതി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പ്രതിനിധി സംഘം അംഗങ്ങളായ കേരള തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക സിഇഒ കണ്ണന്‍, ഒഡെപെക് എംഡി ജി.എന്‍. മുരളീധരന്‍, ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിസ് ഗോള്‍ഡര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തൊഴില്‍ദാതാക്കളായ സ്ഥാപനങ്ങള്‍ ഇനിമുതല്‍ എംബസിയിലെ ഇമൈഗ്രേറ്റ് സംവിധാനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിദേശ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണിത്. നഴ്സുമാരുടെ എണ്ണം, തൊഴില്‍ കാലയളവ്, ശമ്പളം, യോഗ്യത എന്നിങ്ങനെ വിവരങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. നഴ്സിംഗ് നിയമനവുമായി ബന്ധപ്പെട്ടുള്ള അഴിമതികളെക്കുറിച്ച് തെളിവ് സമര്‍പ്പിച്ചാല്‍ അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നു വിവിധ സംഘടനാ പ്രതിനിധികള്‍ മുഖാമുഖത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍