ഗീതാമണ്ഡലം വിഷു ആഘോഷിച്ചു
Monday, April 20, 2015 5:27 AM IST
ഷിക്കാഗോ: കൊന്നപ്പൂക്കളുടെ നിറശോഭയില്‍ ഷിക്കാഗോ ഗീതാമണ്ഡലത്തില്‍ വിഷു ആഘോഷിച്ചു. ആര്‍ഭാടവും ലാളിത്യവും സമന്വയിച്ച അമേരിക്കന്‍ മലയാളി കൂട്ടായ്മക്കു കര്‍ണികാര പൂക്കള്‍ സാക്ഷിയായി. കണ്ണന്റെ മുന്നില്‍ കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പട്ടുപുടവയും കാര്‍ഷിക വിഭവങ്ങളും ഒരുക്കിയ വിഷുക്കണിയില്‍ കേരളത്തില്‍നിന്നു കൊണ്ടുവന്ന കൊന്നപ്പൂക്കള്‍ പാരമ്പര്യത്തിന്റെ മാറ്റ് ഇരട്ടിപ്പിച്ചു. മുതിര്‍ന്നവര്‍ കുഞ്ഞുങ്ങള്‍ക്കു കൈനീട്ടം നല്‍കിയപ്പോള്‍ അവര്‍ കാല്‍തൊട്ട് വണങ്ങി ആലിംഗനം ചെയ്തു.

കണികാണലിനു ശേഷം കൃഷ്ണഗീതികള്‍ പ്രായഭേദമന്യേ ഏവരും ഉരുവിട്ടു. ഒരു മണിക്കൂര്‍ നീണ്ട ഭജന ആലാപനത്തിനുശേഷം കുരുന്നുകളുടെ നൃത്തനൃത്യങ്ങളും വായ്പ്പാട്ടും മറ്റുകലാപരിപാടികളും ഗീതാമണ്ഡലതം അങ്കണത്തില്‍ അരങ്ങേറി. കൃഷ്ണഭക്തിയോടുകൂടി സ്ത്രീകള്‍ അവതരിപ്പിച്ച കോലാട്ടം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. വിവിധക്കറിക്കൂട്ടുമായി കുത്തരിച്ചോറും പായസവുമായി ഗീതാമണ്ഡലം അംഗങ്ങള്‍ ഒരുക്കിയ സദ്യ അഞ്ഞൂറിലധികം പേര്‍ ആസ്വദിച്ചു.

കുട്ടികളുടെ നേതൃത്വത്തില്‍ കത്തിയ പൂത്തിരിയും മത്താപ്പും പടക്കങ്ങളും അമേരിക്കന്‍ മണ്ണില്‍ മലയാളി സാന്നിധ്യം ഒന്നുകൂടി ഉദ്ഘോഷിക്കുന്നതായിരുന്നു. ഗീതമാണ്ഡലത്തിന്റെ 37 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണു കൊന്നപ്പൂക്കള്‍കൊണ്ട് കണിയൊരുക്കുന്നതും പൂത്തിരിയും മത്താപ്പും പടക്കങ്ങളൊക്കെയായി വിപുലമായ വിഷു ആഘോഷം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാന്‍ സഹകരിച്ച എല്ലവരോടും പ്രസിഡന്റ് ശ്രീ. ജയചന്ദ്രനും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു. മിനി നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം