ചില്ല സര്‍ഗവേദിയുടെ പ്രതിമാസ ഒത്തുചേരല്‍ 'എന്റെ വായന' സംഘടിപ്പിച്ചു
Saturday, April 18, 2015 8:20 AM IST
റിയാദ്: ചില്ല സര്‍ഗവേദിയുടെ പ്രതിമാസ ഒത്തുചേരലിന്റെ ഭാഗമായി 'എന്റെ വായന' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത്തെ പരിപാടി വെള്ളിയാഴ്ച ബത്ഹ പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

അധികാരം കൂടുതല്‍ ശക്തമാകുകയും പുറന്തള്ളപ്പെടുന്നവരുടെ എണ്ണം പെരുകുകയും ചെയ്യുന്ന സമകാലിക സമൂഹത്തിന്റെ അടയാളങ്ങള്‍ പേറുന്ന വി. എച്ച്. നിഷാദിന്റെ 'മൂന്ന്' എന്ന നോവല്‍ വിദ്യാര്‍ഥിയായ അമല്‍ ഫൈസല്‍ അവതരിപ്പിച്ചത് ഹൃദ്യമായി. വായനയുടെ ലോകത്ത് പുതുതലമുറയുടെ പ്രതിനിധിയായ അമലിന്റെ ആസ്വാദനം വേറിട്ടൊരനുഭവമായി.

മരണഭയം ഒരു ജനതയുടെ ജീവിതശൈലിയിലും മനോഭാവത്തിലും വരുത്തുന്ന മാറ്റങ്ങള്‍ പറയുന്ന സി. രാധാകൃഷ്ണന്റെ ദാര്‍ശനിക നോവല്‍ 'മരണശിക്ഷ'യുടെ വായനാനുഭവം പങ്കിട്ട് നജിം കൊച്ചുകൊലുങ്ക് പരിപാടി ഉദ്ഘാടനം ചെയ്തു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ഓഷ്വിറ്റ്സിലെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ ഭീകരാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിമോ ലെവി രചിച്ച ആത്മകഥാ സാഹിത്യത്തിലെ ക്ളാസിക്കായ 'ഇതോ മനുഷ്യന്‍' ജയചന്ദ്രന്‍ നെരുവമ്പ്രം അവതരിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയെ അതിമനോഹരമായി വര്‍ണിക്കുന്ന സംഭവബഹുലമായ എഥല്‍ ലിലിയന്‍ വോയ്നിച് രചിച്ച 'കാട്ടുകടന്നല്‍' എന്ന നോവലിന്റെ വായനാനുഭവം ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പങ്കിട്ടു.

മാന്ത്രികഭംഗിയുള്ള ആഖ്യാനകലയും ആത്മസംഘര്‍ഷം നിറഞ്ഞ ഇതിവൃത്തവും ഒത്തുചേര്‍ന്ന പെരുമ്പടവം ശ്രീധരന്റെ നോവല്‍ 'ഒരു സങ്കീര്‍ത്തനം പോലെ' പ്രിയ സന്തോഷ് അവതരിപ്പിച്ചു. ശൈലീ സവിശേഷതകളും ബിംബ-രൂപകങ്ങളുടെ ധാരാളിത്തവും കൊണ്ട് ഹര്‍മന്‍ മെല്‍വിന്‍ അനശ്വരമാക്കിയ 'മൊബിഡിക്ക്' എന്ന നോവലിന്റെ ആസ്വാദനം ആര്‍. മുരളീധരന്‍ നടത്തി. സുഖഭോഗ തൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ചിത്രീകരണം സ്വന്തം ഭാഷ്യം ചമച്ച് സുന്ദരമാക്കിയ വി.എസ്. ഖാണ്ഡേക്കറുടെ 'യയാതി' അനിത നസീം അവതരിപ്പിച്ചു.

എം.പി. നാരാണയപിള്ള സ്മാരക പുരസ്കാരം നേടിയ കെ. പ്രജിഷയുടെ 'കന്യം' എന്ന കഥയുടെ ആസ്വാദനം ബീന ഫൈസല്‍ നടത്തി. സ്ത്രീമനസിന്റെ ആഴങ്ങളില്‍ മനുഷ്യാനുഭവങ്ങള്‍ കണ്െടത്തിയ മാധവിക്കുട്ടിയുടെ 'കടലിന്റെ വക്കത്താരു വീട്' ഷക്കീല വഹാബ് അവതരിപ്പിച്ചു. വാക്കുകളുടെയും വാചകങ്ങളുടെയും കേവലമായ അര്‍ഥത്തിനപ്പുറത്തേക്ക് ആശയങ്ങളെ മിഴിവോടെ ധ്വനിപ്പിക്കുന്ന സിതാര എസിന്റെ 'വെയിലില്‍ ഒരു കളിയെഴുത്തുകാരി'യുടെ വായനാനുഭവം നടത്തിയത് റഫീക്ക് പന്നിയങ്കരയായിരുന്നു.

ലോക സമ്പദ്ക്രമങ്ങളുടെ ഭാവിഗതിയെക്കുറിച്ച് ജോസഫ് ഇസ്റ്റിഗ്ളിസ് രചിച്ച 'ആഗോളവത്കരണവും അസംതൃപ്തികളും' എന്ന പഠനം അബൂബക്കര്‍ സിദ്ദിഖ് അവതരിപ്പിച്ചു. അമേരിക്കന്‍ അടിമത്തത്തിന്റെ ഇരുണ്ട കാലങ്ങളെ അനാവരണം ചെയ്യുന്ന സോളമന്‍ നോര്‍ത്തപ്പിന്റെ ആത്മകഥ 'ഒരു അടിമയുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍' നൌഫല്‍ പൂവക്കുറിശി അവതരിപ്പിച്ചു. വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ബെന്യാമിന്റെ 'മഞ്ഞവെയില്‍ മരണങ്ങള്‍' എന്ന നോവലിന്റെ വായനാനുഭവം വിജയകുമാര്‍ പങ്കുവച്ചു. എം. ഫൈസല്‍ അവലോകനം നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍