വധശിക്ഷയ്ക്കു നൈട്രജന്‍ ഗ്യാസ്: ഒക്ലഹോമ ഗവര്‍ണര്‍ ബില്‍ നിയമമാക്കി
Saturday, April 18, 2015 6:21 AM IST
ഒക്ലഹോമ: വിഷമിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷയെക്കുറിച്ചു ഗൌരവമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഒക്ലഹോമയില്‍ ഇനി മുതല്‍ വധശിക്ഷ നടപ്പാക്കുന്നതു നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചായിരിക്കുമെന്ന് അനുശാസിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ മോരി ഫോളിന്‍ ഒപ്പുവച്ചു. ഏപ്രില്‍ 17 നാണു സുപ്രധാനമായ ഈ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.

വിഷമിശ്രിതത്തിന്റെ ലഭ്യത കുറഞ്ഞതും ഇത് ഉപയോഗിച്ചു നടത്തുന്ന വധശിക്ഷ ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിധിക്കുവാന്‍ സാധ്യതയുളളതിനാലാണ് ഇങ്ങനെ ഒരു തീരുമാനം അംഗീകരിക്കേണ്ടി വന്നതെന്നു ഗവണ്‍മെന്റ് വ്യക്തമാക്കി.

നൈട്രജന്‍ ഗ്യാസ് പത്തു സെക്കന്‍ഡിനുളളില്‍ ബോധം നഷ്ടപ്പെടുത്തുമെന്നും നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുമെന്നും വേദനരഹിതമായ മരണം ഉറപ്പാക്കുമെന്നും ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് പറഞ്ഞു.

അമേരിക്കന്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്നതിനു അംഗീകാരം നല്‍കിയ ആദ്യ സംസ്ഥാനമാണ് ഒക്ലഹോമ.

വിഷമിശ്രിതം ഉപയോഗിച്ചുളള വധശിക്ഷ ക്രൂരവും പ്രാകൃതവുമാണ് എന്നുളളതിനാല്‍ ഇതു നിരോധിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വധശിക്ഷ തന്നെ നിര്‍ത്തലാക്കണം എന്ന അഭിപ്രായവും ഇവിടെ ശക്തിപ്പെടുകയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍