ഗ്രെയ്റ്റര്‍ ഹൂസ്റണിലെ പെയര്‍ലാന്റില്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിനു തറക്കല്ലിട്ടു
Friday, April 17, 2015 3:50 AM IST
ഹൂസ്റണ്‍: അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ രൂപതയില്‍പെട്ട ഹൂസ്റണിലെ മിസൌറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ കീഴിലാണ് പെയര്‍ലാന്റിലെ പുതിയ ദേവാലയം.

സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം എന്നാണ് പെയര്‍ലാന്റിലെ പുതിയ പള്ളി നാമകരണം ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 11ന് രാവിലെ 11.30ന് പുതിയ പള്ളിയുടെ ഗ്രൌണ്ട് ബ്രേക്കിംഗും തറക്കല്ലിടലിനും അനുബന്ധമായ തിരുക്കര്‍മങ്ങള്‍ വിശുദ്ധ കുര്‍ബാനയോടെ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറാന പള്ളിയില്‍ തുടക്കമായി.

ഷിക്കാഗോ സീറോ മലബാര്‍ കത്തോലിക്കാ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിസൌറി സിറ്റിയിലെ സെന്റ് ജോസഫ്സ് ചര്‍ച്ചിലെ സഹവികാരി ഫാ. വില്‍സന്‍ ആന്റണി എന്നിവര്‍ വിശുദ്ധകര്‍മങ്ങള്‍ക്ക് കാര്‍മികരായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് പെയര്‍ലാന്റിലെ നിശ്ചിതമായ പുതിയ ചര്‍ച്ച് ലൊക്കേഷനില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ ദേവാലയ നിര്‍മാണത്തിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള തിരുക്കര്‍മങ്ങളും ആശീര്‍വാദങ്ങളും നടത്തി.
പെയര്‍ലാന്റിലെ സെന്റ് മേരീസ് ഇടവകയില്‍ നിന്നും മിസൌറി സിറ്റിയിലെ സെന്റ് ജോസഫ് ഇടവകയില്‍ നിന്നുമുള്ള അംഗങ്ങളും വിശ്വാസികളും സജീവമായി പുതിയ ദേവാലയ കല്ലിടല്‍ കര്‍മങ്ങളില്‍ പങ്കെടുത്തു. പുതിയ പള്ളിയിലെ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. പെയര്‍ലാന്റ് സിറ്റി മേയര്‍ ടോം റീഡ്, ഇന്‍ഡിപെന്‍ഡന്റ് ബാങ്ക് സിഇഒ ജഫ് സ്മിത്ത്, ടെക്ക് പ്രൊ കണ്‍സ്ട്രക്ഷന്‍ ഒഫീഷ്യല്‍സ്, ട്രിയാഡ് കണ്‍സ്ട്രക്ഷന്‍ ഒഫീഷ്യല്‍സ്, സിസ്റേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ് കബ്രീനി ചര്‍ച്ച് തുടങ്ങിയവര്‍ ഗ്രൌണ്ട് ബ്രേക്കിംഗ്, കല്ലിടല്‍ ചടങ്ങുകളില്‍ ആദ്യന്തം പങ്കെടുത്തു.

ഫാ. വില്‍സണ്‍ ആന്റണി മുഖ്യാതിഥികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പെയര്‍ലാന്റ് സിറ്റി മേയര്‍ ടോം റീഡ് പുതിയ ദേവാലയത്തെയും ദേവാലയ അംഗങ്ങളെയും സഹര്‍ഷം പെയര്‍ലാന്റിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ സഹായസഹകരണളും വാഗ്ദാനം ചെയ്തു. പള്ളിയുടെ ട്രസ്റി ജേക്കബ് തോമസ് നന്ദി പറഞ്ഞു. പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്ന് കുടിയേറിയ നിരവധി കുടുംബങ്ങള്‍ പുതിയ ദേവാലയത്തിന്റെ സമീപ പ്രദേശങ്ങളില്‍ അധിവസിക്കുന്നു. ഗ്രേയ്റ്റര്‍ ഹൂസ്റണിലെ പെയര്‍ലാന്റ്, ക്ളിയര്‍ലേക്ക്, പാസഡീന തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യന്‍ കാത്തോലിക്കാ മതവിശ്വാസികള്‍ക്ക് ഒരനുഗ്രഹമാണ് ഈ പുതിയ ഇടവകയും ദേവാലയവും. നിലവിലുള്ള മിസൌറി സിറ്റിയിലെ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കത്തോലിക്കാ ഇടവക കുടുംബങ്ങളുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ ഷിക്കാഗോ രൂപതയിലെ ഷിക്കാഗോ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണലങ്കരിക്കുന്നത്. താത്കാലികമായി സെന്റ് ജോസഫ്സ് ചര്‍ച്ചിലെ വികാരിയാണ് പെയര്‍ലാന്റിലെ പുതിയ ഇടവകയുടെയും ചാര്‍ജ് വഹിക്കുന്നത്.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്