കാമ്പുള്ള സിനിമകള്‍ വിമര്‍ശനങ്ങളെ അതിജീവിക്കും: നാദിര്‍ഷാ
Friday, April 17, 2015 3:49 AM IST
റിയാദ്: വ്യത്യസ്ഥമായ കഥയും കാമ്പുമുള്ള സിനിമകള്‍ക്ക് വിമര്‍ശകരേയും അനാവശ്യ വിവാദങ്ങളേയും അതിജീവിക്കാന്‍ സാധിക്കുമെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് സോഷ്യല്‍ മീഡിയകളിലെ അനാവശ്യ വിവാദങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും പ്രമുഖ സിനിമാ ടെലിവിഷന്‍ കലാകാരന്‍ നാദിര്‍ഷാ അഭിപ്രായപ്പെട്ടു. തറവാട് കുടുംബ കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വിമര്‍ശനങ്ങള്‍ ക്രിയാത്മകമാകണം. അല്ലാത്തവ സോഷ്യല്‍ മീഡിയായിലായാലും മറ്റു രീതിയിലായാലും ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. സിനിമാ വ്യവസായത്തെ നശിപ്പിക്കാനാണ് ചില വിമര്‍ശകരുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ അഴിഞ്ഞാട്ടമാണ് കാണുന്നത്. ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്യ്രത്തേയും മനസിലുള്ളത് പറയാനുള്ള അവകാശത്തേയും കുറച്ച് കാണുന്നില്ല. എന്നാല്‍ എല്ലാറ്റിനും പരിധിയുണ്െടന്നത് ഓര്‍ക്കണം. തങ്ങളുടെ സ്വാതന്ത്യ്രം മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന രീതിയിലാകരുതെന്നും നാദിര്‍ഷാ ഓര്‍മിപ്പിച്ചു. ചില നടന്‍മാരേയും നടികളേയും കരിവാരി തേക്കുന്നതിനും അവരെ മാര്‍ക്കറ്റില്‍ നിന്നും തുടച്ചു നീക്കുന്നതിനുമായി ആസൂത്രിത ശ്രമങ്ങളുമായി ചിലരുടെ ഫാന്‍സ് അസോസിയേഷനുകള്‍ കച്ച കെട്ടി ഇറങ്ങിയതായി കേട്ടിട്ടുണ്ട്. ഈ പ്രവണത ശരിയല്ല. അര്‍ഹതയുള്ളവരെ എന്നും പ്രേക്ഷകര്‍ അംഗീകരിച്ചിട്ടുണ്ട്. അതേ ശാശ്വതമായി നിലനില്‍ക്കൂ എന്നും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു.

നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമ അഭിനയ സാധ്യതയും പുതിയ ഒരു തീമുമായി തന്നെ സമീപിച്ച രണ്ട് ചെറുപ്പക്കാരുടെ രചനയിലാണ് അഭ്രപാളികളിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണി എന്നീ ചെറുപ്പക്കാര്‍ക്ക് അഭിനയിക്കണമെന്ന മോഹം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവരുടെ കഥാതന്തു മികച്ചതായിരുന്നു. അത് ഞാന്‍ അവരെ കൊണ്ടുതന്നെ എഴുതിച്ചു. ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ ഷൂട്ടിംഗ് മേയില്‍ ആരംഭിക്കുമെന്നും നാദിര്‍ഷാ പറഞ്ഞു. തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തനാക്കിയ പാരഡി ഗാനശാഖ തകരാന്‍ കാരണം പകര്‍പ്പവകാള്‍ നിയമമാണെന്നും പാരഡി ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടമാണെന്നും നാദിര്‍ഷാ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍