'തീവ്രവാദം പരിഹാരമല്ല'
Tuesday, April 14, 2015 6:03 AM IST
കുവൈറ്റ്: യഥാര്‍ഥ പ്രമാണങ്ങളില്‍നിന്നും മുസ്ലിംസമൂഹം വ്യതിചലിച്ചതാണ് ഇന്നു മുസ്ലിം സമൂഹം അനുഭവിക്കുന്ന മുഴുവന്‍ അപചയങ്ങള്‍ക്കും കാരണമെന്നും തീവ്രവാദം ഒന്നിനും പരിഹാരമല്ലെന്നും ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈറ്റിലെത്തിയ എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ഷബീബ് സ്വലാഹി പ്രസ്താവിച്ചു.

കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ 'ഓരോ വീട്ടിലും സ്നേഹസന്ദേശം' എന്ന പ്രമേയത്തില്‍ നടത്തുന്ന ദ്വൈമാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിന്റെ തനതായ മുഖത്തെ വികൃതമാക്കുകയാണ് ചെയ്തത്. തീവ്രവാദ ചിന്തകളെയും ഭീകരവാദ പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ് അവരെ സമൂഹത്തില്‍നിന്നു ഒറ്റപ്പെടുത്തി സമൂഹത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ മുസ്ലിം സമൂഹം മുന്നോട്ടു വരണമെന്നും ഇസ്ലാമിന്റെ തനിമയാര്‍ന്ന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനും അതു പ്രചരിപ്പിക്കുവാനും വിശ്വാസികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'പ്രബോധനം ബാധ്യതയും നിര്‍വഹണവും' എന്ന വിഷയത്തില്‍ കുവൈറ്റില്‍ സന്ദര്‍ശനത്തിനെത്തിയ എംഎസ്എം അറബിക് വിംഗ് കണ്‍വീനര്‍ നൂറുദ്ദീന്‍ സ്വലാഹി പ്രഭാഷണം നടത്തി. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇസ്മായില്‍ ഹൈദ്രോസ്, സ്വലാഹുദ്ദീന്‍ സ്വലാഹി തുടങ്ങിയവര്‍ പ്രസീഡിയം അലങ്കരിച്ചു. ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ് സ്വാഗതവും സക്കീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍