മലേഷ്യന്‍ എയര്‍വേയ്സ്: ജോസ് കെ. മാണിക്കു നിവേദനം നല്‍കി
Monday, April 13, 2015 8:02 AM IST
മെല്‍ബണ്‍: മലേഷ്യന്‍ എയര്‍വേയ്സ് കൊച്ചിയിലേക്കുളള സര്‍വീസ് ജൂലൈ മുതല്‍ പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ മലയാളികള്‍ക്കുവേണ്ടി പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ജോസ് കെ. മാണി എംപിക്ക് നിവേദനം നല്‍കി.

മലേഷ്യന്‍ എയര്‍വേയ്സ് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ചതോടുകൂടി ടിക്കറ്റ് നിരക്കില്‍ ക്രമാതീതമായ ഇളവ് മലയാളികള്‍ക്ക് ലഭിച്ചിരുന്നു. ഇതോടെ മറ്റു വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുവാന്‍ തയാറായി. എന്നാല്‍ കൊച്ചിയിലേക്കുളള മലേഷ്യന്‍ എയര്‍വേയ്സിന്റെ വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നതോടുകൂടി ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് കൂടുതല്‍ ടിക്കറ്റ് നിരക്കു കൊടുക്കേണ്ടി വരുമെന്ന് ഓസ്ട്രേലിയയിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികള്‍ ആശങ്കപ്പെട്ടു.

ഓസ്ട്രേലിയന്‍ മലയാളികളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയിട്ടാണ് മെല്‍ബണിലെ പത്രപ്രവര്‍ത്തകനായ തിരുവല്ലം ഭാസി വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളായ സെബാസ്റ്യന്‍ ജേക്കബ്, സജി മുണ്ടയ്ക്കല്‍, പ്രതീഷ് മാര്‍ട്ടിന്‍, വര്‍ഗീസ് പൈനാടത്ത്, സുന സൈമണ്‍, ഹൈനസ് ബിനോയി, തോമസ് വാതപ്പളളി എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടത്. ജോസ് കെ. മാണി എംപി അയച്ച കത്തിന് മലേഷ്യന്‍ എയര്‍വേയ്സിന്റെ ചെന്നൈയിലെ ഓഫീസില്‍ നിന്നും മറുപടിയും കിട്ടിയിരുന്നു.

കൊച്ചിയിലേക്കുളള വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തിവയ്ക്കാനും അതിനുശേഷം മലേഷ്യന്‍ ഗവണ്‍മെന്റുമായി ആലോചിച്ച് വീണ്ടും തുടരുമെന്നും ജോസ് കെ. മാണി എംപിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനെതിരെ ഓസ്ട്രേലിയന്‍ മലയാളികളെ ഒന്നിപ്പിച്ചുകൊണ്ട് മെല്‍ബണിലെ മലേഷ്യന്‍ എയര്‍വേയ്സ് അധികൃതര്‍ക്ക് നിവേദനം നല്‍കാനും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കേരളത്തിലെ വിവിധ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കാനും മലേഷ്യന്‍ എയര്‍വേയ്സ് അധികൃതര്‍ക്ക് സമ്മര്‍ദം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.