എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അലുമ്നി കുവൈറ്റ് ചാപ്റ്റര്‍ ഉദ്ഘാടനം ഏപ്രില്‍ 17ന്
Monday, April 13, 2015 7:58 AM IST
കുവൈറ്റ് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാല്‍ 1902ല്‍ സ്ഥാപിതമായ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ എംജിഎം അലൂമ്നി കുവൈറ്റ് ചാപ്റ്ററിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 17ന് (വെള്ളി) വൈകുന്നേരം ആറിന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ എംജിഎം സ്കൂളിലെ മുന്‍ അധ്യാപകന്‍ കെ.ഒ. വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ നിര്‍വഹിക്കും.

ചടങ്ങില്‍ സ്കൂളിനെ കുറിച്ചുള്ള ഡോക്കുമെന്ററി, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, അലൂമ്നിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

ജാതി, മത, രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്കപ്പുറത്ത് ഗൃഹാതുരത്വത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്നതിനും പൂര്‍വകാല വിദ്യാലയ സ്മരണകളും ബന്ധങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അലൂമ്നി രൂപീകരിച്ചത്. അസോസിയേഷന്‍ അംഗങ്ങള്‍ക്കായുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി, സാമൂഹ്യ ഉത്തരവാദിത്വത്തോട് സ്കൂളിനുവേണ്ടി ഏറ്റവും അടിസ്ഥാനപരമായി ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും. കൂടാതെ ഈ വര്‍ഷം മുതല്‍ സ്കൂളുമായി സഹകരിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 5,000 വീതം നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്.

കുവൈറ്റിലെ അലൂമ്നിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമയും സാല്‍മിയ, അബാസിയ, മംഗഫ് എന്നീ മൂന്ന് പ്രധാനപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് നടന്നു വരുന്നത്. അലൂമ്നിയുടെ പ്രവര്‍ത്തനങ്ങള്‍ കെ.എസ് വര്‍ഗീസ് (രക്ഷാധികാരി), അജിത് ജേക്കബ് (പ്രസിഡന്റ്), രെഞ്ചു വേങ്ങല്‍ (ജനറല്‍ സെക്രട്ടറി),കവിത ജോസ്, സുശീല്‍ ചാക്കോ (വൈസ് പ്രസിഡന്റുമാര്‍), മനോജ് ഏബ്രഹാം (ട്രഷറര്‍), ഐപ്പ് പുത്തുപ്പളില്‍ (ജോ. സെക്രട്ടറി), ജോസ് പി ജോസഫ് (ജോ. ട്രഷറര്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. അലൂമ്നിയുടെ ഭാവി പ്രവര്‍ത്തനങ്ങളുമായി കുവൈറ്റിലുള്ള എല്ലാ എംജിഎം സ്കൂള്‍ പൂര്‍വവിദ്യാര്‍ഥികളും അംഗത്വമെടുത്ത് സഹകരിക്കണമെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അഭ്യര്‍ഥിച്ചു. അലൂമ്നിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അലൂമ്നി രക്ഷാധികാരി കെ.എസ് വര്‍ഗീസ്, പ്രസിഡന്റ് അജിത് ജേക്കബ്, ജനറല്‍ സെക്രട്ടറി, രെഞ്ചു വേങ്ങല്‍, വൈസ് പ്രസിഡന്റ് കവിത ജോസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷിബു ജോണി, മുതിര്‍ന്ന അംഗം സനില്‍ ജോണ്‍ ചേരിയില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍