സല്‍മാന്‍ ഇനിയും മോചിതനായില്ല; കുടുംബം പ്രതീക്ഷയോടെ സനായില്‍
Monday, April 13, 2015 7:53 AM IST
റിയാദ്: രണ്ടാഴ്ച മുന്‍പ് യമനിലെ സംഘര്‍ഷ ബാധിത പ്രദേശത്തു നിന്നും ഹൂത്തി പോരാളികള്‍ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ അരിക്കോട് സ്വദേശി നാലകത്ത് സല്‍മാനെ (43) മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയം കണ്ടില്ല.

ഞായറാഴ്ച സല്‍മാന്‍ മോചിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുന്നേരം വരെ മോചന വിവരമൊന്നും ലഭിച്ചില്ലെന്ന് സനായിലുള്ള സല്‍മാന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന റിയാദില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠ സഹോദരന്‍ മുഅ്മിന്‍ പറഞ്ഞു.

ശനിയാഴ്ച സല്‍മാന്റെ മക്കള്‍ ഭക്ഷണവുമായി സല്‍മാനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് പോയിരുന്നെങ്കിലും ഹൂത്തി കാവല്‍ക്കാര്‍ സന്ദര്‍ശനാനുമാതി നല്‍കാത്തതിനാല്‍ മടങ്ങിപ്പോന്നതായി മുഅ്മിന്‍ പറഞ്ഞു. സന്‍ആ ഇന്ത്യന്‍ എംബസിയില്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും മുന്‍ തീരുമാന പ്രകാരം പ്രവര്‍ത്തനം നിര്‍ത്തി വച്ചതായിരിക്കാനാണ് സാധ്യതയെന്നുമാണ് റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിക്കുന്ന സൂചന. സല്‍മാന്റെ മോചനത്തിനും കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് തിരിച്ചു പോകാനും സഹായിക്കണമെന്നാവശ്യപ്പെട്ട് റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അപേക്ഷ നല്‍കുമെന്ന് മുഅ്മിന്‍ പറഞ്ഞു.

സല്‍മാനും ഭാര്യ ഖമറുന്നീസയും രണ്ടു മക്കളും 2007 ലാണ് യമനിലേക്ക് മതപഠനാര്‍ഥം പോകുന്നത്. പിന്നീട് യമനില്‍ നിന്നും മൂന്നു കുട്ടികള്‍ കൂടി പിറന്നു. ഇവരുടെ പൌരത്വം തെളിയിക്കാനുള്ള രേഖകള്‍ യഥാസമയം എടുക്കാന്‍ സല്‍മാന് സാധിച്ചിരുന്നില്ല. സല്‍മാന്‍ മോചിതനായാല്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്ന് സല്‍മാന്റെ ഭാര്യ അറിയിച്ചതായി മുഅ്മിന്‍ പറഞ്ഞു.

യമനിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരേയും ഒഴിപ്പിച്ചു കഴിഞ്ഞതായും ഇനിയും അവിടെ ബാക്കിയുള്ളവര്‍ യമനി പൌരന്മാരെ വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നവരും മറ്റുമാണെന്നും അവര്‍ തിരിച്ചു പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നുമാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്. യമനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നും ഡിഫന്‍സ് അറ്റാഷേ ഗുര്‍പാല്‍ സിംഗിന്റെ നേതൃത്വത്തില്‍ ഡോ. എം. അലീം (തേര്‍ഡ് സെക്രട്ടറി, തൊഴിലാളി ക്ഷേമ വിഭാഗം), ദീക്ഷിത് (വെല്‍ഫെയര്‍ അറ്റാഷേ), രവി ശങ്കര്‍ (അസി. ഓഫീസര്‍, വെല്‍ഫെയര്‍) എന്നിവരാണ് ജിബൂട്ടിയിലേക്കും സന്‍ആയിലേക്കും പോയിരുന്നത്. സന്‍ആയിലെ ഇന്ത്യന്‍ എംബസിയിലുണ്ടായിരുന്നവര്‍ ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. ജിബൂട്ടിയിലുള്ള രണ്ട് പേര്‍ ചൊവ്വാഴ്ച തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍