റിയാദില്‍ മരിച്ച സൈനുലാബ്ദീന്റെ മൃതദേഹം ഏപ്രില്‍ 11നു നാട്ടില്‍ ഖബറടക്കും
Friday, April 10, 2015 7:26 AM IST
റിയാദ്: നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ക്ളിനിക്കിലേക്കു പോകുന്ന വഴിയില്‍ മരിച്ച പത്തനംതിട്ട അടൂര്‍ ഏഴംകുളം വിളയില്‍ സൈനുലാബ്ദീന്റെ (54) മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്കയച്ചു.

റിയാദിലെ നദീം എന്ന സ്ഥലത്ത് ഇടിഇ റെഡിമിക്സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന സൈനുലാബ്ദീന് നേരത്തേ ഹൃദയാഘാതമുണ്ടായി നാട്ടില്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ജോലി സ്ഥലത്തുവച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബത്ഹയിലെ സ്വകാര്യ ക്ളിനിക്കില്‍ ജോലി ചെയ്യുന്ന ബന്ധുവിനെ വിളിച്ചിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ബത്ഹയിലേക്കു വരുംവഴി അസുഖം മൂര്‍ഛിക്കുകയായിരുന്നു. വാഹനത്തില്‍തന്നെ മരണം സംഭവിച്ചതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മൃതദേഹം നാട്ടിലയയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ സമിതി കണ്‍വീനര്‍ സജാദ് ഖാന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്കയച്ചു.

ഏപ്രില്‍ 11ന് (ശനി) നാട്ടിലെത്തുന്ന മൃതദേഹം ഏഴംകുളം ജുമാമസ്ജിദില്‍ ഖബറടക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു. മകന്‍ ഷൈജു റിയാദിനടുത്ത് ദവാദ്മിയില്‍ ജോലി ചെയ്യുന്നുണ്ട്. ഭാര്യ നബീസ ബീവി. ഷൈജുവിനെക്കൂടാതെ സൈന, സൈമ എന്നിവരും മക്കളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍