'ആത്മ പരിവര്‍ത്തനത്തിനു വിശുദ്ധ ദൈവിക ഗ്രന്ഥം മാത്രം'
Thursday, April 9, 2015 8:46 AM IST
കുവൈറ്റ്: ആത്മ പരിവര്‍ത്തനത്തിനു ലോക സന്മാര്‍ഗ ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണെന്ന് മുജാഹിദ് സ്റുഡന്‍സ് മൂവ്മെന്റ് (എംഎസ്എം) സംസ്ഥാന പ്രസിഡന്റ് ജലീല്‍ മാമാങ്കര പറഞ്ഞു.

ഇസ്ലാഹി സെന്ററിന്റെ സമ്പൂര്‍ണ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയായ വെളിച്ചം സംഗമത്തില്‍ 'ഖുര്‍ആന്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ പഠനങ്ങളും പരീക്ഷണങ്ങളും അധികരിച്ച ആധുനിക കാലത്തും ഖുര്‍ആന്‍ ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും മാത്രമേ ആത്മ ശാന്തി കരസ്ഥമാക്കാനാകൂ. ഖുര്‍ആനിക സ്വാധീനത്തിലൂടെ ജീവിതമാകെ ദൈവിക മാര്‍ഗത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രമുഖകരും സാധാരണക്കാരും ദിനേന കൂടിവരികയാണ്. ഖുര്‍ആന്‍ അവതരണ സമയത്ത് വഹ്യ് നിലച്ച വേളയില്‍ വിഷമം നേരിട്ടിരുന്നുവെങ്കില്‍ ഇന്നു ഇഹപര ആശ്വാസത്തിന്റെ ദൈവിക വിളക്ക് നമ്മളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുകയാണ്. പരിശുദ്ധ ഗ്രന്ഥം അടച്ചു പൂട്ടാതെ ആശയങ്ങള്‍ ദിനേന ആസ്വദിച്ച് ജീവിതം ധന്യമാക്കാന്‍ സമൂഹം തയാറാകണമെന്ന് ജലീല്‍ മാമാങ്കര വിശദീകരിച്ചു.

വെളിച്ചം പതിനാലാം മൊഡ്യൂല്‍ മത്സരത്തില്‍ റസിയ ജമാല്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി. ജുമാന പുതുശേരി രണ്ടാം സ്ഥാനവും ഷഹര്‍ബാന്‍ മുഹമ്മദ് ബേബി മൂന്നാം സ്ഥാനവും നേടി.

സംഗമത്തില്‍ ഐഐസി വൈസ് ചെയര്‍മാന്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. വെളിച്ചം 13, 14 മൊഡ്യൂളുകളെ അവലംബിച്ച് നടത്തിയ ലൈവ് ക്വിസ് മത്സരം ഐഐസി ദഅ്വ സെക്രട്ടറി സി.കെ.അബ്ദുള്‍ലത്തീഫ് റഷീദി നിയന്ത്രിച്ചു.

വിജയികള്‍ക്കുള്ള സമ്മാന വിതരണം ജലീല്‍ മാമാങ്കര, ഐഐസി ചെയര്‍മാന്‍ എം.ടി മുഹമ്മദ്, എന്‍ജിനിയര്‍ ഉമ്മര്‍ കുട്ടി എന്നിവര്‍ നിര്‍വഹിച്ചു. വെളിച്ചം പതിനഞ്ചാം മൊഡ്യൂള്‍ അബൂബക്കര്‍ സിദ്ധീഖ് മദനി ഷബീര്‍ മുണ്േടാളിക്ക് നല്‍കി പ്രകാശനം ചെയ്തു. ഐഐസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, വെളിച്ചം സെക്രട്ടറി ടി.എം അബ്ദുറഷീദ്, എന്‍.കെ റഹീം എന്നിവര്‍ സംസാരിച്ചു. ഹുദ അബ്ദുള്‍ അസീസ് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍