ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ്: ആദ്യമത്സരം ലാന്റേണ്‍ എഫ്സിയും യൂത്ത് ഇന്ത്യയും തമ്മില്‍
Thursday, April 9, 2015 8:40 AM IST
റിയാദ:് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിനു ഏപ്രില്‍ 10നു വെള്ളിയാഴ്ച തുടക്കമാകും.

ഉച്ചകഴിഞ്ഞ് 3.30 ന് ഡിപ്ളോമാറ്റിക് ക്വാര്‍ട്ടേഴ്സിനു സമീപമുള്ള ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അക്കാദമി ഗ്രൌണ്ടിലാണ് ഉദ്ഘാടനം നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ അംഗങ്ങളായ റിയാദിലെ എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ആദ്യ മത്സരം ലാന്റേണ്‍ എഫ്സിയും യൂത്ത് ഇന്ത്യ ഇലവനും തമ്മിലായിരിക്കും നടക്കുക.

ഉദ്ഘാടന മത്സരങ്ങളില്‍ കളിക്കുന്ന ഇരു ടീമുകള്‍ക്കു പുറമെ റോയല്‍ റിയാദ് സോക്കര്‍, യൂണൈറ്റഡ് എഫ്.സി, റെയിന്‍ബോ, റിയല്‍ കേരള, ഒബയാര്‍, അസീസിയ സോക്കര്‍ തുടങ്ങിയ എട്ടു ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ ശക്തി പരീക്ഷിക്കുന്നത്. എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മേയ് 29 ന് നടക്കും. ഉദ്ഘാടനച്ചടങ്ങുകളോടനുബന്ധിച്ചു സ്റേഡിയത്തില്‍ ഒഐസിസി യുടെ 13 ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ പരിപാടികളൊരുക്കിയിട്ടുണ്ട്. മാര്‍ച്ചു പാസ്റും മറ്റു കലാപരിപാടികളും അരങ്ങേറും.

ടൂര്‍ണമെന്റിനോടനുബന്ധിച്ചു റിയാദിലെ പ്രവാസി ഫുട്ബോളിന് മികച്ച സംഭാവന നല്‍കിയ സമീര്‍ വണ്ടൂര്‍, ബിജു റാഫേല്‍, ജലീല്‍ അരീക്കോട്, ദേവന്‍ പാലക്കാട്, ബീരാന്‍ കോഴിക്കോട് എന്നീ അഞ്ച് പേരെ ടൂര്‍ണ്ണമെന്റ് കമ്മിറ്റി ആദരിക്കും.

കളികള്‍ കാണുന്നതിനായി റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക വാഹന സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഷൌക്കത്ത് പന്നിക്കോട്, ഷഫീഖ് കിനാലൂര്‍, സലിം കളക്കര, ഹാരിസ് റോയല്‍, ഫൈസല്‍ ബിന്‍ അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍