അല്‍ മദീന സംഗമം സോക്കറിനു ആവേശകരമായ തുടക്കം
Tuesday, April 7, 2015 8:16 AM IST
റിയാദ്: അല്‍ മദീന വിന്നേഴ്സ് ട്രോഫിക്കും സിറ്റി ഫ്ളവര്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള 24 ാമത് സംഗമം സോക്കര്‍ ടൂര്‍ണമെന്റിനു വാദി ഹനീഫ സ്റേഡിയത്തില്‍ ഉജ്വല തുടക്കം.

കളിക്കാരുടേയും വിദ്യാര്‍ഥികളുടേയും മാര്‍ച്ച് പാസ്റോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡന്റ് എ.പി മുസ്തഫ, സെക്രട്ടറി പി.പി ഫിറോസ്, ട്രഷറര്‍ അന്‍സാരി എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. കളിക്കാര്‍ക്കുള്ള പ്രതിജ്ഞ ഇസ്മായില്‍ ഹാരിസ്, ബിലാല്‍, അഫാം എന്നിവര്‍ ചൊല്ലിക്കൊടുത്തു. ആദം ഒജീന്റകം സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ആദ്യ മത്സരത്തില്‍ അക്താബിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഡസേര്‍ട്ട് ക്രൂയിസേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗോളിനു കീഴടക്കി റോയല്‍ ഷൂട്ടേഴ്സ് ആദ്യ വിജയം സ്വന്തമാക്കി. ഒരു ഗോള്‍ നേടിയ ഇസ്മായില്‍ ഹാരിസിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

രണ്ടാമത്തെ മത്സരത്തില്‍ കിംഗ്സ് ഇലവനും റിയാദ് ഫൈറ്റേഴ്സും ഓരോ ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു. ഷൂട്ടേഴ്സിന്റെ ഷാദിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.

കെ.എം. ഇല്യാസ് സമ്മാനദാനം നിര്‍വഹിച്ചു. യു.ടി. യൂസഫ്, റംസി എം.എം, നിഷാം അഹമ്മദ് പി.വി., കുഞ്ഞഹമ്മദ് കോയ കെ.വി, സലീം പി, യാക്കൂബ് ടി.പി. എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍