നഴ്സിംഗ് റിക്രൂട്ട്മെന്റ്; കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: കല കുവൈറ്റ്
Tuesday, April 7, 2015 8:16 AM IST
കുവൈറ്റ് സിറ്റി: വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട്ചെയ്ത് തട്ടിപ്പുനടത്തിയ റിക്രൂട്ട്മെന്റ് ഏജന്‍സിയെയും ഏജന്‍സികളുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നൂറുക്കണക്കിനു പേരില്‍ നിന്നായി 300 കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 20000 രൂപയോളം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ വാങ്ങാമെന്നിരിക്കെ ഇരുപത്തി അഞ്ചു ലക്ഷത്തോളം രൂപയാണ് ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും വിവിധ ഏജന്റുമാര്‍ വഴിയും നേരിട്ടും ഇവര്‍ കൈപ്പറ്റിയിരിക്കുന്നത്.

കേരളത്തിന്റെ ഭരണ സംവിധാനങ്ങളില്‍ നല്ല പിടിപാടുള്ള എം.വി. ഉതുപ്പ് എന്ന ഉതുപ്പ് വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഷറഫയ്ക്കെതിരെ നേരത്തെ തന്നെ പരാതി ഉണ്ടായിട്ടും നടപടി കൈക്കൊള്ളതിരുന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്.

ആദായനികുതി വകുപ്പില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സിബിഐ കേസെടുത്തെങ്കിലും ഉതുപ്പു വര്‍ഗീസിനെ പ്രതിചേര്‍ക്കാത്തതിലും ഉന്നതതല ഇടപെടലുണ്െടന്നാണ് സൂചന. സിബിഐ രജിസ്റര്‍ചെയ്ത കേസില്‍ കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്്സ് എല്‍ അഡോള്‍ഫസാണ് ഒന്നാംപ്രതി. അല്‍ ശറഫ സ്ഥാപനത്തെ രണ്ടാംപ്രതിയാക്കിയിട്ടുണ്െടങ്കിലും ഉതുപ്പ് വര്‍ഗീസിനെ പ്രതിചേര്‍ത്തിട്ടില്ല. ഈ റിക്രൂട്ട്മെന്റില്‍ മാത്രം 300 കോടി രൂപയുടെ കുഴല്‍പ്പണ ഇടപാട് നടന്നുവെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ വ്യക്തമാക്കുമ്പോഴും സ്ഥാപനഉടമയെ പ്രതിചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ട്.

ഈ ഇടപാടുകള്‍ക്ക് മധ്യ വര്‍ത്തികളായി പ്രവാസ ലോകത്തെ ചിലരും ഉണ്െടന്നു വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. തങ്ങളുടെ പ്രവാസ ജീവിതത്തിനിടയില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഏറിയും കുറഞ്ഞും സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നവരാണ് മിക്ക പ്രവാസി സംഘടനാ പ്രവര്‍ത്തകരും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രവാസ ലോകത്തിനു തന്നെ നാണക്കെടുണ്ടാക്കുന്നതാണ്.

സമഗ്രമായ അന്വേഷണം നടത്തി പ്രവാസ ലോകത്തെ ഈ കള്ളനാണയങ്ങളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിനു കഴിയണമെന്നും ഇത്തരക്കാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ ഏജന്‍സി തയാറാകണമെന്നും കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.വി.ഹിക്മത്തും ജനറല്‍ സെക്രടറി സജി തോമസ് മാത്യുവും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍