ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകയുടെ വളര്‍ച്ചയില്‍ ഒരു പുതിയ നാഴികക്കല്ല്
Tuesday, April 7, 2015 6:11 AM IST
ഡിട്രോയിറ്റ്: മോട്ടോര്‍നഗരി എന്നറിയപ്പെടുന്ന ഡിട്രോയിറ്റില്‍ ഒരു ആരാധന സമൂഹമായി വളര്‍ന്നുകൊണ്ടിരിക്കുന്ന മലങ്കര മാര്‍ത്തോമ സഭയുടെ വിശ്വാസ സമൂഹം അതിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ പല നാഴിക കല്ലുകള്‍ പിന്നിട്ടു. 39-ാമത് ഇടവകദിന സമ്മേളനവും ആഘോഷവും ഓശാനശുശ്രൂഷയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്നു.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പാ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുകയും ഇടവകദിന ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകയിലെ 14 യുവജനങ്ങള്‍ക്ക് സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിച്ച് ആദ്യ കുര്‍ബാന നല്‍കുകയും സഭയുടെ പൂര്‍ണ അംഗത്വത്തിലേക്ക് അവരെ സ്വാഗതം ചെയ്യുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇടവക ശുശ്രൂഷകളിലും കൂദാശകളിലും സഹായിക്കുന്നതിനും വേദ പഠനത്തിനുമായി ഒരു ഓള്‍ട്ടര്‍ ബോയ് രണ്ട് കവനന്റ് ഗേള്‍സ് എന്നിവരെ വേര്‍തിരിച്ച് നിയോഗിക്കുകയും സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്തു.

ഭദ്രാസനത്തിന്റെ ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച ഈ നിയോഗ ശുശ്രൂഷയില്‍ ഇപ്പോള്‍ ഏകദേശം 200 യുവതീയുവാക്കള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ലിംഗഭേദം കൂടാതെ സഭാശുശ്രൂഷയില്‍ വളര്‍ന്നു വരുന്ന യുവതലമുറയ്ക്കു താത്പര്യവും സമര്‍പ്പണവും ദൌത്യ നിര്‍വഹണത്തെക്കുറിച്ചുളള ബോധ്യവും ഉളവാക്കുന്നതിനുളള സംരംഭമായി നോര്‍ത്ത് അമേരിക്കന്‍- ഭദ്രാസനം സില്‍വര്‍ ജൂബിലിയോടെ ചേര്‍ന്നു നടപ്പാക്കിയ പരിപാടിക്കു യുവജനങ്ങളില്‍നിന്ന് ആവേശകരമായ സമര്‍പ്പണവും സഹകരണവുമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇടവക വികാരി റവ. സി.കെ. കൊച്ചുമോന്‍, റവ. ജോര്‍ജ് ചെറിയാന്‍, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. പി. ചാക്കോ, റവ. ഫിലിപ്പ് വര്‍ഗീസ്, ഇടവ സെക്രട്ടറി ജേക്കബ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല