കോഴിക്കോട് ഫെസ്റ് 2015: ഏപ്രില്‍ 10ന്
Tuesday, April 7, 2015 6:11 AM IST
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികം 'കോഴിക്കോട് ഫെസ്റ് 2015' ഏപ്രില്‍ 10ന് (വെള്ളി) വൈകുന്നേരം അഞ്ചിന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്യും.

ചിത്ര അയ്യരുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള പ്രശസ്തരായ കലാകാരന്മാരുടെ സംഗീതസന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്നു കെഡിഎ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് നിവാസികള്‍ക്കായി നടപ്പാക്കുന്ന കാരുണ്യം പദ്ധതിയിലേക്കുള്ള ധനസമാഹരണമാണു പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത്. കാരുണ്യം പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയിലെ നിര്‍ധനരായ 45 രോഗികള്‍ക്കു ചികിത്സാസഹായമായി ഏഴര ലക്ഷം രൂപ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അപകടത്തിലും മറ്റും പെട്ട അംഗങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. കെഡിഎ പ്രസിഡന്റ് സി. ഹനീഫ്, ജനറല്‍ സെക്രട്ടറി കെ. ഷിജിത്ത്, ട്രഷറര്‍ പി.വി. നജീബ്, രാംദാസ് ചിലമ്പന്‍, കെ.ടി. ശിവദാസ്, കെ. ഹസന്‍ കോയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍