നവോദയ സാംസ്കാരികവേദി കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു
Tuesday, April 7, 2015 6:10 AM IST
ദമാം: നവോദയ സാംസ്കാരികവേദി ടൌണ്‍ നവോദയ പോര്‍ട്ട് യൂണിറ്റ് അംഗം സുജിത്ത് മണിയുടെ കുടുംബ സഹായഫണ്ട് വിതരണം ചെയ്തു. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ തനിവിള സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പൊതുപരിപാടി ഡോ. എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്ത്, സുജിത്ത് മണിയുടെ അമ്മ ലാലയ്ക്കു നവോദയ സാംസ്കാരികവേദിയുടെ മരണാനന്തര കുടുംബസഹായ ഫണ്ടിന്റെ വിതരണവും നിര്‍വഹിച്ചു.

ദമാം ടൌണ്‍ ഏരിയ കമ്മിറ്റി അംഗം സുഭാഷ് തനിവിള സ്വാഗതം പറഞ്ഞ യോഗത്തില്‍ ബി. സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നവോദയയുടെ ദമാമിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തങ്ങളെക്കുറിച്ച് ദമാം ടൌണ്‍ ഏരിയ എക്സിക്യൂട്ടീവ് അംഗം അസീം വെഞ്ഞാറമൂട് സദസിനു പരിചയപ്പെടുത്തി. ചടങ്ങില്‍ കേരള പ്രവാസിസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.സി. സജീവ് തൈക്കാട്, ജില്ലാ പഞ്ചായത്ത് അംഗം എസ്.ശശാങ്കന്‍, സിപിഎം കടയ്ക്കാവൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ.ആര്‍. മണി, കേരള പ്രവാസിസംഘം ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി കെ.എസ്.എ. റഷീദ്, നവോദയ മുന്‍ അംഗം അന്‍വര്‍ സാദത്ത്, ദമാം ടൌണ്‍ ഏരിയ കമ്മിറ്റി അംഗം ശ്രീകണ്ഠന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമീപ പ്രദേശത്തുള്ള പ്രവാസികളുടെ വീട്ടുകാരും പ്രദേശവാസികളുടെ പങ്കാളിത്തംകൊണ്ടും പരിപാടി വന്‍വിജയമായിരുന്നു. കേരള പ്രവാസിസംഘം, സിപിഎം ജില്ലാ കമ്മിറ്റി, ഏരിയ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി നേതാക്കളും നാട്ടുകാരും പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സഹായസഹകരങ്ങളും നല്‍കിയിരുന്നു. പൊതുപരിപാടിക്കു സിപിഎം തനിവിള ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ആര്‍. പ്രകാശ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം