ഗ്ളോബല്‍ കേരളൈറ്റ്സ് ബിസിനസ് ഫോറം സജീവമാകുന്നു
Tuesday, April 7, 2015 6:05 AM IST
റിയാദ്: സ്വദേശികളുമായി ചേര്‍ന്നും സാഗിയ ലൈസന്‍സ് ഉപയോഗിച്ചും സൌദി അറേബ്യയില്‍ ചെറുതും വലുതുമായ ബിസിനസ് സംരഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളി ബിസിനസുകാരുടെ കൂട്ടായ്മയായ ഗ്ളോബല്‍ കേരളൈറ്റ്സ് ബിസിനസ് ഫോറം റിയാദില്‍ വിവിധ പരിപാടികളോടെ കൂടുതല്‍ സജീവമാകുന്നു.

റിയാദിലെ അറുപതോളം ബിസിനസ് പ്രമുഖര്‍ അംഗങ്ങളായുള്ള കെബിഎഫ് വരും ദിവസങ്ങളില്‍ അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 12നാണു ഗ്ളോബല്‍ കെബിഎഫ് എന്ന സംഘടന നിലവില്‍ വന്നത്.

ബിസിനസ് രംഗത്തു തകര്‍ച്ച നേരിടുന്ന അംഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുക, സൌദിയിലെ ബിസിനസ് മേഖലയില്‍ വരുന്ന പുതിയ നിയമങ്ങളെയും തൊഴില്‍ നിയമങ്ങളെയും കുറിച്ചുള്ള അവബോധം വളര്‍ത്താനുതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുക, ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു ബോധവത്കരണവും പരിശീലനവും നല്‍കുന്നതിനായി ക്യാമ്പുകളും ശില്പശാലകളും സംഘടിപ്പിക്കുക, സൌദിക്കകത്തുനിന്നും മറ്റു നാടുകളില്‍നിന്നും റിയാദിലെത്തുന്ന ബിസിനസ് പ്രമുഖരുമായി ഇടപഴകാനും പരിചയപ്പെടാനുമുള്ള അവസരം അംഗങ്ങള്‍ക്കുണ്ടാക്കുക തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളാണു കെബിഎഫ് നടപ്പാക്കുക.

സംഘടനയുടെ യൂണിറ്റുകള്‍ സൌദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായി ഇന്ത്യയില്‍ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും സംഘടനയ്ക്കു പദ്ധതിയുണ്ട്. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സൌദി-ഇന്തോ ബിസിനസ് ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായതായി ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍ പറഞ്ഞു.

ഗ്ളോബല്‍ കെബിഎഫിന്റെ പ്രഥമ കുടുംബസംഗമം ഏപ്രില്‍ 11നു (ശനി) വൈകുന്നേരം ആറിനു റിയാദ് പാലസ് ഹോട്ടലില്‍ നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായുള്ള സംഗമത്തില്‍ സൌദിക്കകത്തും പുറത്തുമുള്ള പ്രമുഖ ബിസിനസ് പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍, നസീര്‍ പള്ളിവളപ്പില്‍, സൂരജ് പാണയില്‍ (വൈസ് ചെയര്‍മാന്മാര്‍), മുഹമ്മദലി മുണ്േടാടന്‍ (മുഖ്യ രക്ഷാധികാരി), നാസര്‍ നാഷ്കോ (രക്ഷാധികാരി), സജി ജോസ് (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍