കെഎംസിസി മെഗാ ഇവന്റിനു തുടക്കമായി
Tuesday, April 7, 2015 6:05 AM IST
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രൈമാസ കലാ, സാംസ്കാരിക സാഹിത്യമേളയായ മെഗാ ഇവന്റിനു തുടക്കമായി.

ബത്ഹയിലെ റമാദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിനു മൊത്തത്തില്‍ പ്രയോജനം ചെയ്യുന്ന കലാകായിക വൈജ്ഞാനിക മത്സരങ്ങളും സാംസ്കാരിക പരിപാടികളുമാണു സീസണ്‍ മൂന്നില്‍ ഒരുക്കിയിരിക്കുന്നതെന്നു ഭാരവാഹികള്‍ വിശദീകരിച്ചു.

വ്യത്യസ്ത വേദികളിലായി നടക്കുന്ന മത്സരങ്ങളിലും പരിപാടികളിലും പൊതുജനങ്ങളോടൊപ്പം സ്കൂള്‍ വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കും. കെഎംസിസി സൈബര്‍ വിംഗിന്റെ ക്യാമ്പിന് അനുബന്ധമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്്. ബാലചന്ദ്രന്‍, അബ്ദുള്ള വല്ലാഞ്ചിറ, റഫീഖ് പാറക്കല്‍, യഹ്യ, ടി.പി. സിദ്ദിഖ്, അക്ബര്‍ വേങ്ങാട്ട്, സി.പി. മുസ്തഫ, അബ്ദുറഹ്മാന്‍ ഫറോക്ക് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഇശല്‍ സന്ധ്യയും ചോദ്യോത്തര മത്സരവും നടന്നു. ലത്തീഫ് പടന്ന, സലീം ചാലിയം, അബ്ദുള്‍ ഖാദര്‍ കോഴിക്കോട്, നസറുദ്ദീന്‍ കോട്ടയം, റിയ അഷ്റഫ് എന്നിവര്‍ ഇശല്‍ സന്ധ്യക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍