ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ ഈസ്റര്‍ ആഘോഷം ഭക്തിനിര്‍ഭരം
Tuesday, April 7, 2015 5:14 AM IST
ഫിലാഡല്‍ഫിയ: പ്രത്യാശയുടെയും പ്രകാശത്തിന്റെയും നവജീവന്റെയും തിരുനാളായ ഈസ്റര്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഭക്തിസാന്ദ്രമായ കര്‍മങ്ങളോടെ ആഘോഷിച്ചു. ശനിയാഴ്ച്ച വൈകുന്നേരം ഏഴിനാരംഭിച്ച ഈസ്റര്‍ വിജില്‍ സര്‍വീസ് ഒമ്പതരയ്ക്കു സമാപിച്ചു. 

ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, തലശേരി ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി പ്രഫസര്‍ റവ. ഡോ. ജോസഫ് ആലഞ്ചേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഉയിര്‍പ്പുതിരുനാളിന്റെ ശുശ്രൂഷകള്‍ നടന്നു. മരണത്തെ കീഴടക്കി മാനവരാശിക്കു പ്രത്യാശയുടെ സന്ദേശം നല്‍കിക്കൊണ്ട് ഉത്ഥാനം ചെയ്ത യേശുവിന്റെ സമാധാനം വൈദികര്‍ എല്ലാവര്‍ക്കും ആശംസിച്ചു. റവ. ഡോ. ജോസഫ് ആലഞ്ചേരി ഉയിര്‍പ്പു തിരുനാളിന്റെ സന്ദേശം വളരെ ലളിതമായ ഭാഷയില്‍ പങ്കുവച്ചു.

ഇളംനിറങ്ങളിലുള്ള പുതുവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ബാലികാബാലന്മാരും യുവതീയുവാക്കളും, ഇടവകജനങ്ങളും കത്തിച്ച മെഴുകുതിരികളുമായി വൈദികരുടെ നേതൃത്വത്തില്‍ ഉത്ഥാനം ചെയ്ത യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പള്ളിക്കു വെളിയിലൂടെ നടത്തിയ പ്രദക്ഷിണം മനോഹരമായി. യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തെ അനുസ്മരിച്ചുകൊണ്ട് പരിശുദ്ധിയുടെ പ്രതീകങ്ങളായ ലില്ലിപ്പൂക്കള്‍ 33 യുവതീയുവാക്കള്‍ അള്‍ത്താരയില്‍ ഉത്ഥിതനായ യേശുവിന്റെ രൂപത്തിനു ചുറ്റും പ്രതിഷ്ഠിച്ചു വണങ്ങി.

ആയിരത്തിലധികം വരുന്ന ഇടവകസമൂഹം ഭക്തിയുടെ നിറവില്‍ ഈസ്റര്‍ ആഘോഷങ്ങളില്‍ ആദ്യന്തം പങ്കെടുത്തു. ഉയിര്‍പ്പുരൂപം വണങ്ങുന്നതിനും, നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതിനും വലിയ തിരക്ക് കാണാമായിരുന്നു. ഗായകസംഘം ഈ സമയം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു.
ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ എന്നിവര്‍ ലിറ്റര്‍ജി കാര്യങ്ങള്‍ വിശുദ്ധവാരത്തിലെ എല്ലാദിവസങ്ങളിലും കോര്‍ഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങള്‍ കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, മരിയന്‍ മദേഴ്സും, മറ്റു ഭക്തസംഘടനാ പ്രവര്‍ത്തകരും നിര്‍വഹിച്ചു. ഫോട്ടോ: ജോസ് തോമസ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍