സ്വകാര്യസ്കൂളുകളിലെ ഫീസ്: വര്‍ധന മന്ത്രാലയം താത്കാലികമായി തടഞ്ഞു
Monday, April 6, 2015 7:55 AM IST
കുവൈറ്റ്: സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. ഫീസ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടക്കുന്നുണ്ട് ഇതിന്റെ റിപ്പോര്‍ട്ട് വന്നതിനുശേഷം മന്ത്രാലയം അംഗീകാരം നല്‍കിയാല്‍ മാത്രമേ ഫീസ് വര്‍ധന പാടുള്ളൂവെന്നു മന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസയാണ് ഇതു സംബന്ധിച്ച അടിയന്തര ഉത്തരവ് ഇറക്കിയതെന്നു മന്ത്രാലയം അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ഗൈസ് അറിയിച്ചു.

കഴിഞ്ഞ നവംബറില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഈ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 2016-17 അധ്യയന വര്‍ഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താന്‍ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സമിതി ഈ വര്‍ഷം ഡിസംബര്‍ 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതനുസരിച്ചായിരിക്കും പുതിയ ഫീസ് നിരക്ക് നിശ്ചയിക്കുക. ഫീസ് വര്‍ധന ഇല്ലാത്തതിനാല്‍ അധ്യാപകരുടെ ശമ്പള വര്‍ധനയും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്നു മുതല്‍ ഫീസ് വര്‍ധിപ്പിച്ച ഇന്ത്യന്‍ സ്കൂളുകളടക്കമുള്ള നിരവധി സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അത് പിന്‍വലിക്കേണ്ടിവരും. ഉത്തരവു ലംഘിച്ചു ഫീസ് വര്‍ധിപ്പിച്ചതായി പരാതി ലഭിച്ചാല്‍ സ്കൂളിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് അല്‍ഗൈസ് മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍