ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ പെസഹായും പീഡാനുഭവവും ഭക്തിപൂര്‍വം ആചരിച്ചു
Monday, April 6, 2015 7:50 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ പെസഹാവ്യാഴവും ദുഃഖവെള്ളിയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.

അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ താന്‍ അത്യധികം സ്നേഹിച്ച ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എളിമയുടെയും സ്നേഹത്തിന്റെയും പാഠങ്ങള്‍ നല്‍കി വിശുദ്ധ കുര്‍ബാനയും പൌരോഹിത്യശുശ്രൂഷയും സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കല്‍ ആയ പെസഹാത്തിരുനാള്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മികത്വത്തില്‍ ആചരിച്ചു.

യേശുശിഷ്യരെ പ്രതിനിധീകരിച്ച് ഇടവകയിലെ 12 യുവജനങ്ങളുടെ കാലുകള്‍ കഴുകിക്കൊണ്ട് ഫാ. ജോണിക്കുട്ടി വിനയത്തിന്റെ മാതൃക യേശു പഠിപ്പിച്ചത് ഓര്‍മപ്പെടുത്തി. സഹകാര്‍മികനായ റവ. ഡോ. ജോസഫ് ആലഞ്ചേരി (ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി, തലശേരി) പെസഹാസന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവയ്ക്കല്‍, ദിവ്യകാരുണ്യ ആരാധന എന്നിവയായിരുന്നു മറ്റു ചടങ്ങുകള്‍.

ദുഃഖവെള്ളിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ പീഡാനുഭവശൂശ്രൂഷ, ഈശോയുടെ കബറടക്ക ശുശ്രൂഷയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്സി നൊവേന, ഒരുനേരഭക്ഷണം. റവ. ഡോ. ജോസഫ് ആലഞ്ചേരി ദുഃഖവെള്ളിയുടെ സന്ദേശം പങ്കവച്ചു.

തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരിയും റവ. ഡോ. ജോസഫ് ആലഞ്ചേരിയും നേതൃത്വം വഹിച്ചു. മറ്റു ക്രമീകരണങ്ങള്‍ കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളി കമ്മിറ്റിയും ഭക്തസംഘടനാ പ്രവര്‍ത്തകരും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍