കാനഡയിലെ വിഷു ആഘോഷങ്ങള്‍ക്കു ഭദ്രദീപം തെളിഞ്ഞു
Monday, April 6, 2015 4:42 AM IST
ടൊറന്റോ: കാനഡയിലെ വിഷു ആഘോഷങ്ങള്‍ക്കു ഭദ്രദീപം തെളിഞ്ഞു. കാനഡ എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് വിഷു ആഘോഷങ്ങള്‍ ബ്രാംപ്റ്റന്‍ ഹറോള്‍ഡ് എം ബ്രാത് വൈറ്റ് സെക്കന്‍ഡറി സ്കൂളില്‍ മാര്‍ച്ച് നാലിനു (ശനിയാഴ്ച) വൈകുന്നേരം ആറു മുതല്‍ നടത്തി. തായമ്പക, വിഷുക്കണി, കുട്ടികള്‍ക്കുള്ള വിഷുക്കൈനീട്ടം എന്നിവയ്ക്കു പുറമേ വിഭവസമൃദ്ധമായ സദ്യയും, വിവിധ കലാ, നൃത്ത പഠന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, ബോളിവുഡ് ഡാന്‍സ് എന്നിവയും മുതിര്‍ന്നവര്‍ അവതരിപ്പിച്ച കോമഡി സ്കിറ്റ്, കാവടി ചിന്ത്, ഗാനങ്ങള്‍ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി. എന്‍എസ്എസ് കാനഡ ചെയര്‍മാനും, മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിച്ച ചടങ്ങില്‍ എസ്ബിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രേമലത ശരത് വിശിഷ്ടാതിഥിയായിരുന്നു. വിഷു ആഘോഷങ്ങളുടെ മുഖ്യ സ്പോണ്‍സര്‍ ആയ മനോജ് കരാത്തിനേയും (റീമാക്സ് പെര്‍ഫോമന്‍സ്), പ്രേമലത ശരത്തിനെയും ചടങ്ങില്‍ ആദരിച്ചു ഗായത്രി ദേവി (നൂപുര മുസ്ക് ആന്‍ഡ് ഡാന്‍സ് സ്കൂള്‍ ഡയറക്ടര്‍) വിഷുക്കൈനീട്ടം വിതരണം ചെയ്തു.

വിഷു ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ മലയാളികള്‍ക്കും, അഭ്യുദയകാംഷികള്‍ക്കും, മീഡിയ പ്രവര്‍ത്തകര്‍ക്കും എന്‍എസ്എസ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ് പിള്ള