ഷിക്കാഗോ സീറോ മലബാര്‍ കത്തീഡലില്‍ ഭക്തിസാന്ദ്രമായ ദുഃഖവെള്ളി ആചരണം
Monday, April 6, 2015 4:41 AM IST
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരിമലയിലെ ഉന്നതത്യാഗത്തിന്റെയും സ്മരണയാചരിച്ച് ഷിക്കാഗോ സീറോ മലബാര്‍ വിശ്വാസികള്‍ ഭക്ത്യാദരവോടെ ദുഃഖവെള്ളി ആചരണം നടത്തി. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലുവരെ വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരാധന ഉണ്ടായിരുന്നു.

വൈകിട്ട അഞ്ചിനു നടന്ന കുരിശിന്റെ വഴിയില്‍ ഭക്തിപുരസരം ഏവരും പങ്കെടുത്തു. തുടര്‍ന്ന് 6.30നു പീഡാനുഭവ വായനയും കര്‍മങ്ങളും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു. ഫാ.പോള്‍ ചൂരത്തൊട്ടിയില്‍, അസി. വികാരി ഫാ. റോയ് മുലേച്ചാലില്‍ എന്നിവര്‍ സഹകാര്‍മികരായി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഇംഗ്ളീഷില്‍ നടത്തിയ കര്‍മങ്ങള്‍ക്ക് ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലക്കാപറമ്പി, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ കാര്‍മികരായി. ഫാ. റോയ് മൂലേചാലില്‍ വചന സന്ദേശം നല്‍കി.

ഓരോരുത്തരും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരണമെന്നും അതിനായി വിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ച ജീവിതം നയിക്കണമെന്നും റോയി അച്ചന്‍ പ്രാര്‍ത്ഥനയോടെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നു നഗരി കാണിയ്ക്കല്‍, കുരിശുചുംബനം, കയ്പുനീര്‍ സ്വീകരണം എന്നിവ ഭക്തിപുരസരം നടത്തുകയുണ്ടായി. രാത്രി പത്തുമണിയോടെ തിരുക്കര്‍മങ്ങള്‍ സമാപിച്ചു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം