സൌദി തൊഴില്‍ നിയമത്തിലെ 38 വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു
Monday, April 6, 2015 4:38 AM IST
റിയാദ്: സൌദി തൊഴില്‍ നിയമത്തിലെ 38 വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി സൌദി തൊഴില്‍ മന്ത്രി എന്‍ജിനിയര്‍ ആദില്‍ ഫഖീഹ് അറിയിച്ചു. ഭേദഗതി സൌദി തൊഴില്‍ മേഖല കൂടുതല്‍ മികവുറ്റതും നിയമാനുസൃതവുമാക്കുന്നതിനും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുതകുന്നതുമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വദേശി നിയമനത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനത്തിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാതിരിക്കുന്നതിനു തൊഴില്‍മന്ത്രാലയത്തിനു അധികാരം നല്‍കുന്നതാണു ഭേദഗതികളില്‍ പ്രധാനം.

50ഉം അതില്‍ കൂടുതലും ജീവനക്കാരുള്ള സ്ഥാപനം വര്‍ഷത്തില്‍ ചുരുങ്ങിയതു പഠനം പൂര്‍ത്തിയായി പുറത്തിറങ്ങുന്ന 12 സ്വദേശികള്‍ക്കു പരിശീലനം നല്‍കിയിരിക്കണം. നേരത്തെ ഇത് ആറു സ്വദേശികള്‍ക്കു മതിയായിരുന്നു. പരിശീലനങ്ങള്‍ക്കായി തൊഴിലുടമ പണം ചെലവിടുകയും പരിശീലനം പൂര്‍ത്തിയായ ശേഷം സ്വദേശി ജീവനക്കാരന്‍ സ്ഥാപനത്തില്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുകയാണങ്കില്‍ പരിശീലത്തിനുവേണ്ടി ചെലവായ തുക സ്വദേശി ജീവനക്കാരന്‍ നല്‍കിയിരിക്കണം. പുതിയ തൊഴിലാളിക്കു പരിശീലന സമയം (പ്രബോഷന്‍) 180 ദിവസത്തില്‍ കൂടാത്ത നിലയ്ക്കു നീട്ടി നല്‍കാമെന്നു തൊഴില്‍ നിയമ ഭേദഗതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ഒരുതവണ കൂടി പരിശീലനം നീട്ടി നല്‍കാന്‍ തൊഴിലുടമക്കു അധികാരമുണ്ടായിരിക്കും. എന്നാല്‍, തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ചുരുങ്ങിയത് ആറുമാസം പരിശീലനം നേടിയിരിക്കണം.

നിലവിലുണ്ടായിരുന്ന തൊഴില്‍ കരാര്‍ കാലപരിധി മൂന്നു വര്‍ഷത്തില്‍നിന്നു നാലു വര്‍ഷമാക്കി ഭേദഗതി ചെയ്തു. കൃത്യമായി കാല പരിധി നിശ്ചയിക്കാത്ത തൊഴില്‍ കരാറുകളില്‍ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം പുതുക്കിയാല്‍ ആ കാലം കരാറിന്റെ കാലപരിധിയായി കണക്കാക്കും. യതാര്‍ത്ഥ തൊഴില്‍ കരാര്‍ കാലവും പുതുക്കിയ കാലവും ചേര്‍ന്ന് നാലു വര്‍ഷമായാല്‍ യഥാര്‍ഥ തൊഴില്‍ കരാറിലോ പുതുക്കിയ തൊഴില്‍ കരാറിലോ കുറഞ്ഞ കാലയളവായിരിക്കും പരിഗണിക്കുക.
ജീവനക്കാരനെ മോശമാക്കി ചിത്രീകരിക്കുന്ന നിലയ്ക്കോ അല്ലെങ്കില്‍ ഭാവിയിലെ ജോലികളില്‍ ബാധിക്കുന്ന നിലയ്ക്കോ ഉള്ള സേവന സര്‍ട്ടിഫിക്കറ്റുകള്‍ തൊഴിലുടമ നല്കാന്‍ പാടില്ലാത്തതാകുന്നു. ഓരോ സ്ഥാപനത്തിലും തൊഴിലാളികളുടെ പ്രതേക സമിതികള്‍ രൂപവത്കരിക്കാവുന്നതാണ്. തൊഴിലാളികളുടെ മേല്‍ ചുമത്തുന്ന പിഴകള്‍ ഈ സമിതിയുടെ പരിഗണനയുടെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം സമിതികളില്ലാത്ത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കു പിഴയിടുകയാണങ്കില്‍ അവക്കു തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടായിരിക്കണം

സ്ഥാപനം അന്തിമമായി അടച്ചുപൂട്ടല്‍ അല്ലങ്കില്‍ മറ്റൊരു തരത്തിലേക്കു മാറ്റല്‍ അല്ലങ്കില്‍ മറ്റൊരു നിയമ വ്യവസ്ഥയുളള വിഭാഗമാക്കി സ്ഥാപനത്തെ മാറ്റുകയോ ചെയ്യുന്ന മൂന്നു ഘട്ടങ്ങളില്‍ തൊഴിലാളിയുടെ തൊഴില്‍കരാര്‍ അവസാനിക്കുന്നതാണ്. കൃത്യമായ തൊഴില്‍ കരാറുകളില്ലാതെ പ്രവര്‍ത്തിക്കുന്ന വേളയില്‍ സേവനം അവസാനിപ്പിക്കുകായണങ്കില്‍ 60 ദിവസം മുമ്പ് രേഖാമൂലം തൊഴിലാളിയും തൊഴിലുടമയും സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കണം. മാസ വേതനവ്യവസ്ഥ പ്രകാരമാണു സേവനം അവസാനിപ്പിക്കുന്നതിന്റെ 60 ദിവസം മുമ്പ് അറിയിക്കേണ്ടത്. മാസ വേതനമല്ലാത്ത സാഹചര്യത്തില്‍ സേവനം അവസാനിപ്പിക്കുന്നതിന്റെ 30 ദിവസം മുമ്പാണു നോട്ടീസ് നല്‍കേണ്ടത്. കരാര്‍ കാലപരിധിക്കു ശേഷം ജോലി ചെയ്യുന്ന വേളയില്‍ പകരം പ്രതേക ആനുകുല്യം തേടാന്‍ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും.

പ്രതേക കാരണമില്ലാതെ തൊഴില്‍ കരാറിന്റെ കാലപരിധിയില്‍ പല പ്രവാശങ്ങളിലായി 30 ദിവസം ജോലിയില്‍ ഹാജരാവാതിരിക്കാന്‍ തൊഴിലാളിക്കു അവകാശമുണ്ടായിരിക്കും. എന്നാല്‍, തുടര്‍ച്ചയായി 15 ദിവസം മാത്രമായിരിക്കും ഇത്തരത്തില്‍ ഹാജരാവാതിരിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കുക. തൊഴിലാളി തൊഴില്‍ കാരാര്‍ റദ്ദുചെയ്തു പിരിച്ചു വിടുകയാണങ്കില്‍ തൊഴിലാളിയുടെ അവകാശങ്ങളും മറ്റു സേവനാന്തര ആനുകുല്യവും നല്‍കിയിരിക്കണം. സ്ഥാപനത്തിനു വിഘാതമുണ്ടാക്കുകയോ സ്ഥാപനത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്യുന്ന വേളകളില്‍ തൊഴിലാളിയെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാന്‍ അവകാശമുണ്ടായിരിക്കും. തൊഴിലാളിയുടെ വേതനം ബാങ്ക് മുഖേന മാത്രമേ നല്‍കാവൂ എന്നും വ്യവസ്ഥയില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം