മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ സാന്നിധ്യം ഡാളസിലെ മാര്‍ത്തോമ വിശ്വാസികള്‍ക്ക് ആത്മീക ഉത്തേജനമേകി
Saturday, April 4, 2015 8:35 AM IST
ഡാളസ്: ഹൃസ്വ സന്ദര്‍ശനത്തിനു തിരുവല്ലയില്‍ നിന്നും അമേരിക്കയിലെത്തിയ മാര്‍ത്തോമ സഭയുടെ പരമാധികാരി ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യം ഡാളസിലെ മാര്‍ത്തോമ വിശ്വാസികള്‍ക്ക് ആല്‍മീക ഉത്തേജനമേകി.

ക്രിസ്തുവിന്റെ പീഡാനുഭവും ക്രൂശു മരണവും സ്മരിച്ചു നടത്തിവരാറുള്ള ഡാളസിലെ നമസ്കാര ശുശ്രൂഷകളില്‍ ആദ്യമായാണ് മെത്രാപ്പോലീത്ത സംബന്ധിച്ചത്.

ദുഃഖവെള്ളിയാഴ്ച സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ നടത്തിയ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ഇംഗ്ളീഷ്, മലയാളം സര്‍വീസുകള്‍ക്ക് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. ഓജസ്വിയായി അക്ഷര സ്പുഡതയോട് നടത്തിയ ഇംഗ്ളീഷ് മലയാളം സര്‍വീസുകള്‍ അമേരിക്കയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്കും പ്രായമായ പ്രവാസികള്‍ക്കും ഒരുപോലെ പ്രിയമേകി. നമസ്കാര ക്രമങ്ങള്‍ ഓരോന്നായി ചൊല്ലുമ്പോഴും തീക്ഷ്ണമായ ആല്‍മീകത ആമുഖങ്ങളില്‍ ദര്‍ശിക്കാമായിരുന്നു. സഭയിലെ പൂര്‍വ പിതാക്കന്മാരാല്‍ എഴുതപ്പെട്ട നമസ്കാര ക്രമങ്ങള്‍ ഓരോന്നായി ഉരുവിടുമ്പോള്‍ അതിന്റെ അര്‍ഥ വ്യാപ്തി സഭാ ജനങ്ങളെ മെത്രാപ്പോലിത്ത മനസിലാക്കി കൊടുത്തു. അര്‍ഥ ശുദ്ധിയോടും പ്രൌഡ ഗംഭീര്യത്തോടും ആത്മീയാചാര്യന്‍ ഓരോ വരികളും ചൊല്ലുമ്പോഴും സഭാ ജനങ്ങളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

സഭാ പിതാവിനോടൊപ്പം ഇടവക വികാരി റവ. ഒ.സി കുര്യന്‍, ഉമ്മന്‍ ജോണ്‍, അജു മാത്യു എന്നിവര്‍ മലയാള സര്‍വീസുകളിലും ജോജി കോശി, സോജി സ്കറിയ എന്നിവര്‍ ഇംഗ്ളീഷ് നമസ്കാര ശുശ്രുഷകളിലും സഹായിയായിരുന്നു.

ക്രിസ്തുവിന്റെ ക്രൂശു മരണത്തിലൂടെ മനുഷ്യരാശിക്ക് ലഭിച്ച രക്ഷയുടെ അനുഭവം മറ്റുള്ളവരിലേക്ക് പകരണമെന്ന് സഭാ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പൂര്‍വ പിതാക്കള്‍ കാട്ടിതന്ന ആല്‍മീക ദര്‍ശനം ആധുനിക ലോകത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതില്‍ മെത്രാപ്പോലിത്ത ഉത്കണ്ഠ അറിയിച്ചു. ഉയരങ്ങളില്‍ നിന്നും മാനവരാശിയുടെ രക്ഷക്കുവേണ്ടി താഴെക്കിടയിലേക്ക് ഇറങ്ങി ക്രൂശു മരണം ഏറ്റു വാങ്ങിയ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലെ കേന്ദ്ര ബിന്ദു ആക്കണമെന്നും. അക്രമവും ആരാജകതവും ഏറി വരുന്ന ലോകത്തില്‍ ക്രിസ്തുവിനെ സാക്ഷികളായി ജീവിക്കുവാനും സഭാ ജനങ്ങളെ മെത്രാപ്പോലിത്ത ഉദ്ബോധിപ്പിച്ചു.

ഇടവക വികാരി റവ. ഒ.സി കുര്യന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ മാര്‍ത്തോമ മെത്രപ്പോലിത്തയെ ആദരവോടു സ്വീകരിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ