സിഫ് കുവൈറ്റ് സയന്‍സ് ഗാല സംഘടിപ്പിച്ചു
Saturday, April 4, 2015 8:29 AM IST
കുവൈറ്റ്: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം (സിഫ്) കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷത്തെ 'സയന്‍സ് ഗാല', മാര്‍ച്ച് 28ന് വൈകുന്നേരം 6.30ന് ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജൈന്‍ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡല്‍ഹി ഐഐടി കൌണ്‍സില്‍ ചെയര്‍മാനും പ്രശസ്ത ഐടി വിദഗ്ധനും 'പരം' സൂപ്പര്‍ കംപ്യൂട്ടര്‍ ഉപജ്ഞാതാവുമായ പദ്മഭൂഷണ്‍ ഡോ. വിജയ് ഭട്കര്‍ വിശിഷ്ടാതിഥിയായായിരുന്നു.

കേന്ദ്ര ശസ്ത്ര സാങ്കേതിക കൌണ്‍സിലിന്റെ ദേശീയ പുരസ്കാര ജേതാവും നൂറ്റിയറുപതോളം ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളുടെ രചയിതാവുമായ പ്രഫ. ശിവദാസ് മനുഷ്യബുദ്ധിയെ അധീനപ്പെടുത്തി അതിന്റെ അപാരമായ സാധ്യതകള്‍ അനാവരണം ചെയ്യുന്നതിനായി 'ശാസ്ത്ര സാങ്കേതികതയെ ജയിക്കുക' എന്ന വിഷയത്തില്‍ സംസാരിച്ചു. സിഫ് മിഡില്‍ ഈസ്റ് പ്രതിനിധികള്‍ ഉള്‍പ്പെടെ കുവൈറ്റിലേയും ഭാരതത്തിലേയും പ്രമുഖ ശാസ്ത്രജ്ഞരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു. സിഫ് കുവൈറ്റ് പ്രസിഡന്റ് പ്രശാന്ത് നായര്‍ സദസിനെ സ്വാഗതം ചെയ്തു സംസാരിച്ചു.

ഡോ.വിജയ് ഭട്കറുമായുള്ള ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലൈവ് ചാറ്റ് ഷോ കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സിഫ് കുവൈറ്റ് പുറത്തിറക്കുന്ന സയന്‍സ് ന്യൂസ് ലെറ്റര്‍ 'ഡിസ്കവര്‍' ന്റെ പ്രകാശനം ഭാരതസര്‍ക്കാര്‍ വിജ്ഞാന്‍ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ നിര്‍വഹിച്ചു. ശാസ്ത്ര പ്രതിഭാ പട്ടം നേടിയ കുട്ടികള്‍ക്കുള്ള ട്രോഫിയും മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഡോ. വിജയ് ഭട്കര്‍, പ്രഫ. ശിവദാസ് എന്നിവര്‍ ചേര്‍ന്നു നല്‍കി. മികച്ച പ്രകടനം കാഴ്ച്ച വച്ച സ്കൂളിനുള്ള ആചാര്യ ജെ.സി.ബോസ് പുരസ്കാരം ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രേംകുമാറും വിദ്യാര്‍ഥികളും ചേര്‍ന്നു ഏറ്റുവാങ്ങി. സിഫ് കുവൈറ്റ് സെക്രട്ടറി അരുണ്‍ കുമാര്‍ നന്ദി പറഞ്ഞു. ഗാലയോടനുബന്ധിച്ച് ശാസ്ത്ര പ്രതിഭകള്‍ക്കായി വിശിഷ്ടാതിഥികളുമായുള്ള പ്രത്യേക മുഖാമുഖം പരിപാടി മാര്‍ച്ച് 27ന് സാല്‍മിയ ഐബിസ് ഹോട്ടലില്‍ സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍