ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ
Thursday, April 2, 2015 3:50 AM IST
ഡാളസ് (ടെക്സസ്): ഡാളസിലെ പ്രമുഖ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വിശുദ്ധ പീഡാനുഭവ വാരത്തിന്റെ അഞ്ചാംദിവസമായ പെസഹാ വ്യാഴാഴ്ച യേശു ശിഷ്യന്മാരുടെ കാല്‍കഴുകിയതിനെ അനുസ്മരിപ്പിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഫ്രിക്കാ-യുകെ-യൂറോപ്പ് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത, തെരഞ്ഞെടക്കപ്പെട്ട 12 പേരുടെ കാല്‍കഴുകി തുടച്ചുകൊണ്ടു ശുശ്രൂഷ നിര്‍വഹിക്കും.

പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തില്‍ പെസഹാ വ്യാഴാഴ്ച നടത്തുന്ന ഈ പാവനകര്‍മം, മലങ്കരസഭയില്‍ വളരെ അപൂര്‍വം ദേവാലയങ്ങളില്‍ അഭിവന്ദ്യ തിരുമേനിമാര്‍ മാത്രം നിര്‍വഹിക്കുന്നതാണ്. ഏപ്രില്‍ രണ്ടാം തീയതി (വ്യാഴാഴ്ച) വൈകുന്നേരം ആറിനു തുടങ്ങുന്ന ശുശ്രൂഷകള്‍ ഒമ്പതിനു പര്യവസാനിക്കും. വിശ്വാസികള്‍ നോമ്പാചരണത്തിലൂടെ ഈ ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നു ഫാ. സി.ജി തോമസ് അറിയിച്ചു.

റവ.ഫാ. സി.ജി തോമസ് (വികാരി), കുര്യന്‍ മാത്യു (സെക്രട്ടറി ) ഏബ്രഹാം ജോര്‍ജ് (ട്രസ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി ഹാശാവാര ശുശ്രൂഷയുടെയും മറ്റും വിജയകരമായ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. സി.ജി തോമസ് (469 499 6559), സെക്രട്ടറി കുര്യന്‍ മാത്യു (214 223 8001), ട്രസ്റി ഏബ്രഹാം ജോര്‍ജ് (972 899 2859).

റിപ്പോര്‍ട്ട്: അനില്‍ മാത്യു ആശാരിയത്ത്