സിറിയന്‍ ധനസഹായ ഉച്ചകോടി: സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചുതുടങ്ങി
Wednesday, April 1, 2015 4:32 AM IST
കുവൈറ്റ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുവാന്‍ 78 രാഷ്ട്രങ്ങളില്‍നിന്നും 40 രാജ്യാന്തര സംഘടനകളില്‍നിന്നു പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്നാമത് യുഎന്‍ അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായി നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ് (എന്‍ജിഒ) ഉച്ചകോടിയില്‍ 50.6 കോടി ഡോളറിന്റെ സഹായ വാഗ്ദാനം ലഭിച്ചു. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്റെ (ഐഐസിഒ) ആതിഥേയത്വത്തില്‍ ജെഡബ്ള്യു മാരിയറ്റ് ഹോട്ടലിലാണ് എന്‍ജിഒ സമ്മിറ്റ് നടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തുകയുടെ സഹായമാണ് ഇത്തവണ എന്‍ജിഒ കളുടെ ഭാഗത്തുനിന്നു ലഭിച്ചത്. ഒന്നും രണ്ടും ഉച്ചകോടികളില്‍നിന്നായി 58.3 കോടി ഡോളറാണ് സമാഹരിച്ചിരുന്നത്. 50.6 കോടി ഡോളറില്‍ 8.8 കോടി ഡോളറിന്റെ വാഗ്ദാനം കുവൈറ്റിലെ സന്നദ്ധ സംഘടനകളാണു നല്‍കിയത്. കുവൈറ്റ് റെഡ്ക്രസന്റ് സൊസൈറ്റി, പബ്ളിക് അതോറിറ്റി ഓഫ് ഔഖാഫ്, കുവൈറ്റ് സകാത്ത് ഹൌസ്, ഡയറക്ട് എയ്ഡ് ഏജന്‍സി, സോഷ്യല്‍ റിഫോം സൊസൈറ്റി, അര്‍റഹ്മ സൊസൈറ്റി, റിവൈവല്‍ ഓഫ് ഇസ്ലാമിക് ഹെറിറ്റേജ് സൊസൈറ്റി, അബ്ദുല്ല അല്‍ നൂരി സൊസൈറ്റി, പേഷ്യന്‍സ് ഹെല്‍പിംഗ് ഫണ്ട് സൊസൈറ്റി, ഫഹദ് അല്‍അഹ്മദ് ഹ്യൂമന്‍ സൊസൈറ്റി തുടങ്ങിയവയാണു കുവൈറ്റില്‍നിന്ന് സഹായം വാഗ്ദാനം ചെയ്തസംഘടനകള്‍. തുര്‍ക്കിയിലെ ഫൌണ്േടഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ റിലീഫാണ് ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തത്. 10 കോടി ഡോളറാണ് ഈ സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രത്യേക ഉപദേഷ്ടാവും ഐഐസിഒ മേധാവിയുമായ അബ്ദുല്ല അല്‍മഅ്തൂഖ് ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു. അറബ് ലീഗിന്റെ സിറിയ ദൂതന്‍ ശൈഖ ഹസ്സ ആല്‍ഥാനി, കുവൈറ്റ് പബ്ളിക് അഥോറിറ്റി ഓഫ് ഔഖാഫ് സെക്രട്ടറി ജനറല്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഖറാഫി, അറബ് റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ അബ്ള്ല അല്‍ഹസ്സ, കുവൈറ്റ് റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍സായര്‍ എന്നിവര്‍ സംബന്ധിച്ചു. ലോകരാഷ്ട്രങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍നിന്നുമായി 840 കോടി ഡോളര്‍ സമാഹരിക്കാന്‍ കഴിയുമെന്നാണു യുഎന്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍