വാണാക്യൂ സെന്റ് ജയിംസ് പള്ളിയില്‍ വചനിപ്പ് പെരുന്നാള്‍ ആഘോഷിച്ചു
Wednesday, April 1, 2015 4:30 AM IST
ന്യൂജേഴ്സി: പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും, ഇടവക സ്വന്തമായി ആരാധനാലയം കരസ്ഥമാക്കിയതിന്റെ അനുസ്മരണ ദിനവും സമുചിതമായി വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആചരിച്ചു. മാര്‍ച്ച് 24നു ചൊവ്വാഴ്ച നടന്ന സന്ധ്യാപ്രാര്‍ഥനയ്ക്കും തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും, വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയ്ക്കും മുഖ്യ കാര്‍മികത്വം വഹിച്ചത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയാണ്. ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ ചട്ടത്തിലും, അസോസിയേറ്റ് വികാരി ഫാ. ആകാശ് പോളും വിശുദ്ധ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.

സെന്റ് ജയിംസ് ഇടവക സ്വന്തമായ ആരാധനാലയം കരസ്ഥമാക്കി, വാണാക്യൂവില്‍ ആരാധന ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ വിശുദ്ധ കുര്‍ബാനാനന്തരം യോഗം ചേരുകയുണ്ടായി. അമേരിക്കന്‍ അതിഭദ്രാസന ട്രഷറര്‍ സാജ പൌലോസ് മാരോത്ത്, ഇടവകാംഗങ്ങളെ പ്രതിനിധീകരിച്ച് ആശംസാ പ്രസംഗം നടത്തിയ ബിജു കുര്യന്‍ മാത്യൂസ്, ഇടവക വികാരി ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ ചട്ടത്തില്‍, ഇടവക അസോസിയേറ്റ് വികാരി ഫാ. ആകാശ് പോള്‍എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കൈമുത്തിനുശേഷം നേര്‍ച്ച വിളമ്പോടും സ്നേഹവിരുന്നോടുംകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു. പൌലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്), കുര്യന്‍ സ്കറിയ (സെക്രട്ടറി), ജേക്കബ് വര്‍ഗീസ് (ട്രസ്റി), മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം