ദുബായി കെഎംസിസിയുടെ ഡോക്യുമെന്ററിക്കു ദേശീയ അംഗീകാരം
Tuesday, March 31, 2015 8:08 AM IST
ദുബായി: 1921ല്‍ മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ മലബാര്‍ കലാപ ചരിത്രത്തെ സത്യസന്ധമായി അനാവരണം ചെയുന്ന ദുബായി കെഎംസിസിക്കുവേണ്ടി കെഎംസിസി മീഡിയ വിഭാഗം നിര്‍മിച്ച മലബാര്‍ കലാപം എന്ന ഡോക്യുമെന്ററിക്ക് ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഫിലിം ഫെസ്റിവല്‍ 2015ല്‍ മികച്ച സൃഷ്ട്ടിക്കുള്ള ദേശീയ പുരസ്കാരം നേടി.

ഡോക്കുമെന്ററിയുടെ ചായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചതു സന്തോഷ് പി.ഡി യും അക്കഡേമിക്ക് കാര്യങ്ങള്‍ നിര്‍വഹിച്ചതു കാലിക്കറ്റ് സര്‍വകലാശാല സിഎച്ച് ചെയര്‍ ആണ്, വിവരണം ഡോ. ഡൊമിനിക്ക് ജെ. കാട്ടൂര്‍, എഡിറ്റിംഗ് ഹരി രാജാക്കാടും സംഗീതം സി. രാജീവും ഗ്രാഫിക് ബിനുകുമാറും നിര്‍വഹിച്ചു.

'ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ നാള്‍ വഴികള്‍' എന്ന പേരില്‍ ഒരു പരമ്പരയായി ചിത്രീകരിക്കപ്പെടുന്ന ഡോക്യുമെന്ററികളില്‍ രണ്ടാമത്തേതാണു മലബാര്‍ കലാപം. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച ഏടുകള്‍ ഓരോന്നായി ചിത്രീകരിച്ച് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കൈകളില്‍ എത്തിച്ച് സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ദുബായി കെഎംസിസി ഈ പരമ്പരയുമായി സഹകരിച്ചു മുന്നോട്ടു പോകുന്നത്. ഇന്ത്യ സ്വാതന്ത്യ്രം നേടിയിട്ട് ഏഴു ദാശാബ്ദത്തോടടുക്കുമ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെയും വിദേശവാസികളായ ഇന്ത്യക്കാരുടെയും ഇടയില്‍ യഥാര്‍ഥ സ്വാതന്ത്യ്രസമര ചരിത്രം ഇതേവരെ അനാവരണം ചെയ്യപെട്ടിട്ടില്ല.പുതിയ കാലത്തിന്റെ കാഴ്ചാ സംസ്കാരത്തിന് അനുസൃതമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കാവുന്ന ദൃശ്യാവിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതിനുള്ള പരിശ്രമമാണ് 'ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ നാള്‍വഴികള്‍' എന്ന ഡോക്യുമെന്ററി നിര്‍മാണത്തിലൂടെ നടത്തുന്നത്. 2015ല്‍ത്തന്നെ ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ മായാത്ത മുദ്രകളായ സംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഡോക്കുമെന്ററികള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ദുബായി കെഎംസിസി മീഡിയ വിഭാഗം പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റിവലിന്റെ സമാപന ദിവസം മലബാര്‍ കലാപം എന്ന ഡോക്യുമെന്ററിക്കു ലഭിച്ച പുരസ്കാരം ദുബായി കെഎംസിസിക്കുവേണ്ടി സംവിധായകന്‍ സന്തോഷ് പി.ഡി. ഏറ്റുവാങ്ങിയതായി ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ട്രഷറര്‍ ടി.പി മഹ്മൂദ് ഹാജി, മീഡിയ വിംഗ് ചെയര്‍മാന്‍ ഹനീഫ് കല്‍മട്ട, കണ്‍വീനര്‍ നിഹ്മത്തുള്ള മങ്കട എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍