ശമ്പളവും ഭക്ഷണവുമില്ലാതെ 18 തൊഴിലാളികള്‍
Tuesday, March 31, 2015 6:22 AM IST
അല്‍കോബാര്‍: ശമ്പളമോ കഴിക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ 18 തൊഴിലാളികള്‍ അല്‍ കോബാര്‍ അക്രബിയായില്‍ ദുരിതത്തില്‍ കഴിയുന്നു. അല്‍ കോബാറിലെ ഒരു മാന്‍പവര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. ഇവരില്‍ 10 ഇന്ത്യക്കാരും എട്ടു ശ്രീലങ്കക്കാരുമാണുള്ളത്.

സൌദിയിലെ പല പ്രദേശങ്ങളില്‍ ജോലിക്കായി കമ്പനി അയച്ചിരുന്ന ഇവര്‍ കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം കിട്ടാഞ്ഞതിനെതുടര്‍ന്ന് ഭക്ഷണത്തിനുപോലും വിഴിയില്ലാതെ ജീവിതം വഴിമുട്ടിയപ്പോള്‍ അല്‍കോബാര്‍ അക്രബിയായിലുള്ള കമ്പനി ഓഫീസില്‍ എത്തുന്നത്. എന്നാല്‍, കമ്പനി ഓഫീസില്‍ എത്തിയ ഇവര്‍ക്ക്, സ്പോണ്‍സര്‍ അവിടേക്ക് വരാറില്ലെന്നും അദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് ഓഫീസില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്.

ഇവരില്‍ ഭൂരിഭാഗം തൊഴിലാളികളുടെയും ഇക്കാമയുടെ കാലാവധി കഴിഞ്ഞതുകാരണം പോകാന്‍ മറ്റൊരിടമില്ലാതെയായി. അതുകൊണ്ട് 18 തൊഴിലാളികളും ഓഫീസില്‍ത്തന്നെ താമസിക്കുന്നു. എന്നാല്‍, ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കുടിശിക ഉള്ളതുകൊണ്ട് ഏതുനിമിഷവും കെട്ടിട ഉടമ ഓഫീസ് ഒഴിപ്പിച്ചേക്കും. ഇവിടുന്നുകൂടി ഇറക്കി വിട്ടാല്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതാകുമെന്ന ഭയത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍.

നാട്ടില്‍ വലിയ സാമ്പത്തിക കടബാധ്യത ഉള്ളവരാണ് ഇവരില്‍ പലരും. ഭക്ഷണത്തിനു പോലും വഴിയില്ലാത്ത അവസ്ഥയില്‍ നാട്ടില്‍ തങ്ങളുടെ വീട്ടിലേക്കുള്ള ടെലിഫോണ്‍ വിളികളും ഇല്ലാതായി. തങ്ങളുടെ ഉറ്റവരെ ക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയാത്തത് ഇവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും പരിഭ്രാന്തിയിലാക്കി.

പ്രതീക്ഷയുടെ എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് 18 തൊഴിലാളികള്‍ നവയുഗം സാംസ്കാരിക വേദിയെ സമീപിക്കുന്നത്. നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെയും നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരത്തിന്റെയും സഹയത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തുവെങ്കിലും സ്പോണ്‍സര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസ് കോടതി നീട്ടിവച്ചിരിക്കുകയാണ്. നവയുഗം കൂടി സഹായത്തിനില്ലായിരുന്നെങ്കില്‍ തങ്ങളില്‍ പലരും ആത്മഹത്യ ചെയ്യേണ്ടി വന്നേനെയെന്നു നിറകണ്ണുകളോടെ തൊഴിലാളികള്‍ ഇവരെ സന്ദര്‍ശിച്ച നവയുഗം ഭാരവാഹികളോടു പറഞ്ഞു.

നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ ഷിബുകുമാര്‍ തിരുവനന്തപുരം നവയുഗം പ്രവര്‍ത്തകരായ പ്രഭാകരന്‍,ബെന്‍സി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ ഇവര്‍ക്കു വേണ്ട ഭക്ഷണവും വെള്ളവും നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം