ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ ഫൊറോനയില്‍ ഓശാന ഞായര്‍ ആചരിച്ചു
Tuesday, March 31, 2015 6:20 AM IST
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനായില്‍, വലിയആഴ്ചയ്ക്ക് തുടക്കംകുറിച്ചുകൊണ്ടു നടന്ന ഓശാനാതിരുനാള്‍ ആചരണം ഭക്തിനിര്‍ഭരമായി.

മാര്‍ച്ച് 29ന് (ഞായര്‍) രാവിലെ 9.45നു നടന്ന ഓശാനാ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്റേജില്‍ ആരംഭിച്ച ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, എന്നിവയ്ക്കുശേഷം, കുരുത്തോലയും കൈയിലേന്തി, ഓശാനാ ഗാനവും ആലപിച്ചുകൊണ്ട് പ്രദക്ഷിണമായി ദേവാലയത്തിലെത്തി. വാതിലുകളെ തുറക്കുവിന്‍ എന്ന് ഉദ്ഘോഷിച്ചുകൊണ്ട്, പ്രധാനദേവാലയം മുട്ടിത്തുറന്നു ദേവാലയത്തില്‍ പ്രവേശിച്ചു.

ഈശോയുടെ അത്ഭുതങ്ങള്‍ കണ്ട യഹൂദര്‍, പലപ്പോഴും ഈശോയെ രാജാവാക്കാന്‍ ശ്രമിച്ചു. പക്ഷേ, ജറുസലേം ദേവാലയത്തില്‍ വച്ചുമാത്രമാണ് രാജാവായുള്ള സ്വീകരണത്തിന് ഈശോ സമ്മതിച്ചത്. രാജാക്കന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ കുതിരപ്പുറത്തും വിജയശ്രീലാളിതനായി സമാധാനത്തിന്റെ സന്ദേശവുമായി കഴുതപ്പുറത്തുമാണു വരുന്നത്. ജറുസലേം ദേവാലയത്തിലേക്ക് ഓശാന ഗീതികള്‍ ആലപിച്ച് ഈശോയെ ഏറ്റ യഹൂദര്‍, ഏതാനും ദിവസങ്ങള്‍ക്കുശേഷം, ഫരിസേയരുടെ പ്രേരണയാല്‍ ഇവനെ ക്രൂശിലേറ്റുകയെന്ന് ആക്രോശിച്ചതും ഈശോ നമ്മോടുള്ള സ്നേഹത്താല്‍ നമ്മുടെ പാപപരിഹാരത്തിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്, ഉത്ഥാനം വഴി, രക്ഷനേടിതന്നതും ഫാ. മുത്തോലത്ത് വചനസന്ദേശത്തില്‍ അനുസ്മരിപ്പിച്ചു.

ലിറ്റര്‍ജിക്കു കുര്യന്‍ നെല്ലാമറ്റം, ഫിലിപ്പ് കണ്ണോത്തറ, ബിനോയ് കിഴക്കനടി, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, സണ്ണി ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിനോയ് കിഴക്കനടി