ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റങ്ങളില്‍ വിമര്‍ശകരെ അവഗണിക്കുക: കബീര്‍ ബാഖവി
Tuesday, March 31, 2015 6:07 AM IST
മനാമ: പവിത്രമായ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റങ്ങള്‍ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന അപസ്വരങ്ങളും വിമര്‍ശനങ്ങളും അവഗണിച്ചു മുന്നേറാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും നന്മ ചെയ്യുന്നവരെ പിന്തിരിപ്പിക്കാന്‍ പിശാചും കൂട്ടാളികളും ആവതു ശ്രമിക്കുമെന്നും ഹാഫിള്‍ അഹ് മദ് കബീര്‍ ബാഖവി പറഞ്ഞു.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരമ്പരക്കിടെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് ബാഖവി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

മനുഷ്യരില്‍ ഹൃദയരോഗമുള്ളവരുണ്ട്. അസൂയ, അഹങ്കാരം പോലുള്ള ഹൃദയരോഗമുള്ളവരില്‍നിന്നാണ് വിശ്വാസികള്‍ക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നത്. ഫേസ്ബുക്ക്, വാട്സ് അപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി നന്മകള്‍ പ്രചരിപ്പിക്കുന്നതിനു പകരം കുപ്രചാരണങ്ങള്‍ മാത്രം നടത്താനിറങ്ങിയവരില്‍ ഏറെയും പ്രവാസികളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

തന്റെ വസ്ത്രം കോട്ടും സ്യൂട്ടുമാണെന്നും അതു ഞെരിയാണിക്കു താഴെയാണെന്നും കാണിച്ച് കുപ്രചാരണം നടത്തുന്നവരുടെ സ്വന്തം വീട്ടുകാരും ബന്ധുക്കളും നാട്ടില്‍ നഗ്നത കാണിച്ച് നടക്കുമ്പോള്‍ അതു കാണാനും തടയാനുമാണ് ആര്‍ജവം കാണിക്കേണ്ടതെന്നും ബാഖവി ഉപദേശിച്ചു.

ആരായാലും വസ്ത്രം ഞെരിയാണിക്കു താഴെ വലിച്ചിഴയ്ക്കുന്നത് നിഷിദ്ധമാണ്. അത് അഹങ്കാരത്തോടെയാവുമ്പോള്‍ നരക പ്രവേശനത്തിനു ഹേതുവാക്കുമെന്ന് തിരുനബി(സ) അരുളിയിട്ടുമുണ്ട്. എന്നാല്‍ ചിലരുടെ ശരീരപ്രകൃതത്താല്‍ അവരറിയാതെ താഴെ ഇറങ്ങുന്ന വസ്ത്രത്തിന് അത് ബാധകമല്ലെന്ന് ഇതു സംബന്ധിച്ച സിദ്ദിഖ് (റ)ചോദ്യത്തിനുത്തരമായി തിരുനബി (സ) തന്നെ വ്യക്തമാക്കിയിട്ടുണ്െടന്നും ഹദീസ് ഉദ്ധരിച്ചു അദ്ദേഹം വിശദീകരിച്ചു.