സോമര്‍സെറ്റ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു
Tuesday, March 31, 2015 6:05 AM IST
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പു നല്‍കിയ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തിലെ ഓശാന തിരുനാള്‍ ആഘോഷത്തോടെ ഈവര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു.

മാര്‍ച്ച് 29ന് (ഞായര്‍) രാവിലെ 9.30നു വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ. അലക്സ് വാചാപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി സഹകാര്‍മികത്വം വഹിച്ചു.

കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം ക്രിസ്തുവിന്റെ ജറുസലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിപ്പിക്കുന്ന കുരുത്തോലകളും കൈയിലേന്തി 'ഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാര്‍ഥനാഗാനവും ആലപിച്ചുകൊണ്ടു തെരുവീഥിയിലൂടെ പ്രദക്ഷിണം നടത്തുകയും തുടര്‍ന്ന് ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ശുശ്രൂഷകള്‍ നടത്തി. ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശം നല്‍കി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ ഏപ്രില്‍ രണ്ടിന് പെസഹാ വ്യാഴാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 7.30ന് ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്ക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും ഷിക്കാഗോ രൂപത സഹായ മെത്രാന്‍ റവ. ജോയ് ആലപ്പാട്ട് ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ മൂന്നിനു ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കും. ആഘോഷമായ കുരിശിന്റെ വഴി, പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം എന്നിവയ്ക്കുശേഷം കയ്പു നീര്‍ കുടിക്കല്‍ ചടങ്ങും നടക്കും.

നാലിനു (ദുഃഖശനി) രാവിലെ ഒമ്പതിനു പുത്തന്‍ തീ തെളിയിക്കലും വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പു തിരുനാളിന്റെ ചടങ്ങുകള്‍ വൈകുന്നേരം 7.30ന് ആരംഭിക്കും.

അനുഗ്രഹീത വചന പ്രഘോഷകനും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. അലക്സ് വാച്ചാപറമ്പിലായിരിക്കും ഈവര്‍ഷത്തെ വാരാചരണത്തിലെ മുഖ്യകാര്‍മികന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റി) 201 912 6451. വെബ്: വീാെേേമ്യൃീിഷ.ീൃഴ. സെബാസ്റ്യന്‍ ആന്‍ണി അറിയിച്ചതാണിത്

റിപ്പോര്‍ട്ട്:ജോയിച്ചന്‍ പുതുക്കുളം