കേളി കുടുംബവേദിക്കു പുതിയ ഭാരവാഹികള്‍
Monday, March 30, 2015 7:20 AM IST
റിയാദ്: കേളി കുടുംബവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സിന്ധു ഷാജി (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), അശോകന്‍ (സെക്രട്ടറി), മാജിദ ഷാജഹാന്‍, സന്ധ്യ പുഷ്പരാജ് (ജോ. സെക്രട്ടറിമാര്‍) സുരേഷ് ചന്ദ്രന്‍ (പ്രസിഡന്റ്), ഷമീം ഹുസൈന്‍, ഷാജി വെച്ചുര്‍ (വൈസ് പ്രസിഡന്റുമാര്‍), അനില്‍ അറക്കല്‍ (ട്രഷറര്‍) എന്നിവരേയും അംഗങ്ങളായി സുനിത അശോകന്‍, റെജി സുരേഷ്, ഷൈനി അനില്‍, ഷീജ ഉണ്ണി, പ്രിയ വിനോദ്, ശാന്തി രാജേഷ്, ഹുസൈന്‍, സുകേഷ്, ഷാജഹാന്‍ പാടം എന്നിവരെയും തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ ചേര്‍ന്ന വാര്‍ഷിക കണ്‍വന്‍ഷനിലാണ് കേളി കുടുംബവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇ.കെ. ഇമ്പിച്ചിബാവയുടെ പത്നിയും പൊന്നാനി നഗരസഭ മുന്‍ ചെയര്‍പേഴ്സമും മുന്‍ ജില്ലാ കൌണ്‍സില്‍ അംഗവുമായ ഫാത്തിമ ഇമ്പിച്ചിബാവ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.  ജീവിതപ്രാരാബ്ധങ്ങളാല്‍ പ്രവാസജീവിതത്തിനു വിധിക്കപ്പെട്ട് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരുന്ന സ്ത്രീജനങ്ങള്‍ക്കു താങ്ങും തണലുമാകാന്‍ കേളി കുടുംബവേദിക്കാകട്ടെയെന്നു ഫാത്തിമ ഇമ്പിച്ചിബാവ ആശംസിച്ചു.

കണ്‍വന്‍ഷന്‍ വേദിയിലെത്തിയ ഫാത്തിമ ഇമ്പിച്ചിബാവയെ ദേവിക അശോകന്‍ സ്വീകരിച്ചു. കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തഗീര്‍ ഫാത്തിമ ഇമ്പിച്ചിബാവയെ മെമെന്റൊ നല്‍കി ആദരിച്ചു. കണ്‍വന്‍ഷനില്‍ കുടുംബവേദി പ്രസിഡന്റ് ഷമീം ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജയചന്ദ്രന്‍ നെടുവമ്പ്രം മുഖ്യ പ്രഭാഷണം നടത്തി.

സ്ത്രീകള്‍ പുരുഷന്റെ സ്വത്തു സംരക്ഷിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും മാത്രമുള്ളതാണെന്ന ധാരണയില്‍ നിന്നും സമൂഹം ഒട്ടേറെ മുന്നോട്ടു പോയിട്ടുണ്ട്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്കും പണിസ്ഥലങ്ങളിലേക്കും സ്ത്രീകള്‍ പോകാന്‍ തുടങ്ങി. അയല്‍കൂട്ടങ്ങളും കുടുംബശ്രീയും സാമൂഹ്യരംഗത്തെ ഇടപടലുകളും സ്ത്രീകളെ അകത്തളങ്ങളില്‍നിന്നു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൂട്ടികൊണ്ടുവന്നിട്ടുണ്െടങ്കിലും സമൂഹത്തിന്റെ പൊതുബോധത്തില്‍ സ്ത്രീകളെ സംബന്ധിച്ച ധാരണകളിലും അവര്‍ക്കായി നിര്‍ണയിക്കപ്പെടുന്ന അതിര്‍വരമ്പുകളിലും ഇനിയും സമൂലമായ മാറ്റങ്ങള്‍ വരേണ്ടതുണ്െടന്ന് ജയചന്ദ്രന്‍ നെടുവമ്പ്രം പറഞ്ഞു. പ്രവാസലോകത്ത് സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും അവര്‍ക്ക് ആശ്രയമാകാനും ആശ്വാസമേകുവാനും കേളി കുടുംബവേദി പോലെയുള്ള കുടുംബകൂട്ടായ്മകള്‍ക്കു കഴിയുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. കുടുംബവേദി സെക്രട്ടറി സിന്ധു ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബവേദി കഴിഞ്ഞ കാലങ്ങളില്‍ ഏറ്റെടുത്തു നടത്തിയ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വരും ദിവസങ്ങളില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ചും കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തതായി ചീഫ് കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സിന്ധു ഷാജി പറഞ്ഞു.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തഗീര്‍, കേളി സെക്രട്ടറി റഷീദ് മേലേതില്‍, പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളിക്കുന്നം, രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞുരാമന്‍ മയ്യില്‍, ബി.പി. രാജീവന്‍ എന്നിവര്‍ കണ്‍വന്‍ഷന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. മാജിദ ഷാജഹാന്‍ സ്വാഗതവും അശോകന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍