ത്രിദിന നോമ്പുകാല വാര്‍ഷികധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍
Friday, March 27, 2015 4:18 AM IST
ന്യൂജേഴ്സി: അനുഗ്രഹീത വചനപ്രഘോഷകനും, അറിയപ്പെടുന്ന ധ്യാനഗുരുവും, കപ്പൂച്ചിന്‍ സഭംഗവുമായ ഫാ. അലക്സ് വാച്ചാപറമ്പില്‍ നയിക്കുന്ന ത്രിദിന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ മാര്‍ച്ച് 27, 28, 29 തീയതികളിലായി നടത്തപ്പെടുന്നു.

മാര്‍ച്ച് 27-നു (വെള്ളിയാഴ്ച) വൈകുന്നേരം ഏഴിനുള്ള കുരിശിന്റെ വഴിയും വിശുദ്ധ യൂദാ ശ്ശീഹായുടെ നൊവേനയും തുടര്‍ന്ന് 7.30നുള്ള വിശുദ്ധബലിയോടെ ആദ്യ ദിവസത്തെ ധ്യാനത്തിനു തുടക്കംകുറിക്കും.

മാര്‍ച്ച് 28-നു (ശനിയാഴ്ച) ഒമ്പതിനുള്ള വിശുദ്ധ ബലിക്കുശേഷം 10 മണി മുതല്‍ രണ്ടാം ദിവസത്തെ ധ്യാനം വൈകുന്നേരം നാലോടെ സമാപിക്കും.

മാര്‍ച്ച് 29-നു (ഞായറാഴ്ച) രാവിലെ ഒമ്പതിനു ഓശാന തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ നടക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കുശേഷം 10.30 മുതല്‍ ധ്യാനം ആരംഭിച്ച് വൈകുന്നേരം 4.30നു സമാപിക്കും. കുടുംബ നവീകരണം, ആത്മവിശുദ്ധീകരണം, രോഗശാന്തി എന്നീ മേഖലകളില്‍ വചനശുശ്രൂഷകള്‍ നടക്കും.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കല്പന പ്രകാരം 2014 ഡിസംബര്‍ 25 മുതല്‍ 2015 ഡിസംബര്‍ 25 വരെ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും, മിഷനുകളിലും കുടുംബ വര്‍ഷം ആചരിച്ചുവരുന്ന ഈ അവസരത്തില്‍ ദേവാലയത്തില്‍ നോമ്പിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വാര്‍ഷികധ്യാനത്തില്‍ എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്ത് ആത്മീയ ഉണര്‍വ് നേടാന്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ബഹു. വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു.

നോമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ധ്യാന ക്ളാസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ദേവാലയത്തില്‍ നടത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റി) 201 912 6451. വെബ്: ംംം.വീാെേേമ്യൃീിഴ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം