ഹൈസ്കൂള്‍ ഡിപ്ളോമയ്ക്കൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഏഴ് അസോസിയേറ്റഡ് ഡിഗ്രി
Thursday, March 26, 2015 6:54 AM IST
ടെക്സസ്: ഹൈസ്കൂള്‍ ഡിപ്ളോമയ്ക്കൊപ്പം ഏഴ് അസോസിയേറ്റ് ഡിഗ്രി കരസ്ഥമാക്കിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി ജോഷ്വാ നിലവിലുളള അമേരിക്കന്‍ റിക്കാര്‍ഡ് തകര്‍ത്തു. ഡിപ്ളോമയ്ക്കൊപ്പം നാലു അസോസിയേറ്റ് ഡിഗ്രി എന്നതായിരുന്നു ഇതുവരെ നിലവിലുളള റിക്കാര്‍ഡ്.

ഡാളസിലെ റിച്ച് ലാന്‍ഡ് കോളജില്‍നിന്നാണു ലിബറല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ബയോമെഡിക്കല്‍, ടെലികമ്യൂണിക്കേഷന്‍സ്, സോഫ്റ്റ് വെയര്‍ ആന്‍ഡ് കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് എന്നീ വിഷയങ്ങളിലാണു ജോഷ്വാ അസോസിയേറ്റ് ബിരുദം നേടിയത്.

ഏഴാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ത്തന്നെ ജോഷ്വാ കോളജ് ക്രെഡിറ്റ് ക്ളാസുകള്‍ എടുക്കുവാനാരംഭിച്ചു. റിച്ച്ലാന്‍ഡ് കോളജിനു പുറമേ ടെക്സസ് വെര്‍ച്വല്‍ സ്കൂള്‍ നെറ്റ്വര്‍ക്കില്‍നിന്നു ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കും ജോഷ്വാ രജിസ്റര്‍ ചെയ്തിരുന്നു.

ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ എട്ടാമത്തെ അസോസിയേറ്റ് ഡിഗ്രി എടുക്കുന്നതിനുളള ശ്രമത്തിലാണ് ജോഷ്വാ. ടെക്സസ് സ്റേറ്റ് ലജിസ്ളേച്ചര്‍ ജോഷ്വായെ ആദരിക്കുന്നതിന്റെ ഭാഗമായി എച്ച്ആര്‍ 480 എന്ന ഒരു ബില്‍ നിയമിക്കുകയുണ്ടായി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഫാസ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ നാലുവര്‍ഷം കൊണ്ട് ബയോമെഡിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടുമെന്നു ജോഷ്വാ പറഞ്ഞു.

റിച്ചാര്‍ഡ്സണിലെ രാജ് ചാരി-മഞ്ജുഷ ദമ്പതികളുടെ മകനാണു ജോഷ്വാ.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍