അമേരിക്കന്‍ മലയാളികള്‍ക്ക് പി. വിജയന്‍ ഐപിഎസിന്റെ ഹൃദയം നിറഞ്ഞ നന്ദി
Thursday, March 26, 2015 6:46 AM IST
തിരുവനന്തപുരം: സിഎന്‍എന്‍ഐ ബിഎന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡില്‍, പബ്ളിക് സര്‍വീസ് വിഭാഗത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പി. വിജയന്‍ ഐപിഎസ്, തനിക്ക് എക്കാലത്തും സമ്പൂര്‍ണ പിന്തുണ നല്‍കിയ അമേരിക്കന്‍ മലയാളിസുഹൃത്തുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

വിജയന്‍ ഐപിഎസും അമേരിക്കന്‍ മലയാളികളും വിളിച്ചു കൂട്ടിയ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന്, സമൂഹത്തിന്റെ വിവിധ തുറയില്‍നിന്നുമുള്ള ആളുകള്‍ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തിരുന്നു.

കേരളത്തിന്റെ ജനപ്രിയ പോലീസ് ഉദ്യോഗസ്ഥനും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മേധാവിയുമായ വിജയന്‍ ഐപിഎസിനെ സിഎന്‍എന്‍ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്, അദ്ദേഹത്തോടൊപ്പം ലോകമലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. ആറു വിഭാഗങ്ങളിലായി 36ഓളം പേരുകളാണു മത്സരത്തില്‍ ഉണ്ടായിരുന്നത്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരെ പിന്തള്ളി, ഏകദേശം അന്‍പത്തൊന്നു ശതമാനത്തോളം വോട്ടുകളോടെ ഏറ്റവും പോപ്പുലര്‍ ആയ വ്യക്തി ആയി പി. വിജയന്‍ ഐപിഎസ് വെന്നിക്കൊടി പാറിച്ചത്.

ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ചു ഗള്‍ഫിലും അമേരിക്കന്‍ ഐക്യ നാടുകളിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഉള്ള പ്രവാസി മലയാളികളുടെ വീറോടും വാശിയോടുമുള്ള വോട്ടുകള്‍ ഫലം ചെയ്തുവെന്നു വേണം കരുതാന്‍. പ്രത്യേകിച്ചു ജനുവരി 30ന് രാത്രി ഒമ്പതിന്, ന്യൂയോര്‍ക്ക് സമയം (ഇന്ത്യന്‍ സമയം ജനുവരി 31 രാവിലെ) അമേരിക്കയില്‍ നടത്തിയ ഫോണ്‍ കോണ്‍ഫറന്‍സ് കോള്‍, 29 ശതമാനത്തില്‍ കിടന്ന വോട്ടുകള്‍ 37 ശതമാനത്തിലേക്കു ഉയര്‍ത്താന്‍ കാരണമായി. ഈ സ്നേഹത്തിനും പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞതിനൊപ്പം, ഈ അവാര്‍ഡ് സ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പരിപാടിക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ അംഗീകാരത്തില്‍നിന്ന് ലഭിച്ച ഊര്‍ജ്ജം അടുത്ത പ്രോജക്ടിലേക്കു വഴി തിരിക്കാനുള്ള തയാറെടുപ്പിലാണദ്ദേഹം. ഒരു നല്ല നാളെക്കായി 'മിഷന്‍ ബെറ്റര്‍ ടുമോറോ' (എംബിടി) ആണ് അദ്ദേഹത്തിന്റെ അടുത്ത പ്രോജക്ട് ഇതൊരു വലിയ പ്രവര്‍ത്തനമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ഒറ്റയ്ക്കല്ല, നമ്മള്‍ എല്ലാവരും ഒരുമിച്ചു ഒരു നല്ല നാളെക്കായി, നല്ല സമൂഹത്തിനായി, രാജ്യപുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഈ പ്രോജക്ട് ഒരു കാരണമാകും. കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്ത എല്ലാവരും തന്നെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്കു പൂര്‍ണ പിന്തുണ നല്‍കി.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്