അസീസി സ്നേഹഭവനു തറവാട് കൂട്ടായ്മയുടെ സ്നേഹസ്പര്‍ശം
Thursday, March 26, 2015 5:26 AM IST
റിയാദ്: പ്രവാസി മലയാളികളുടെ കുടുംബകൂട്ടായ്മയായ തറവാട് അംഗങ്ങള്‍ ചേര്‍ന്ന് ഇടുക്കി ജില്ലയിലെ മൂലമറ്റത്തെ അസീസി സ്നേഹഭവന്‍ അന്തേവാസികള്‍ക്കായി 50 കട്ടിലും കിടക്കയും സംഭാവനയായി നല്‍കി. കഴിഞ്ഞ ദിവസം നടന്ന സ്നേഹഭവനില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തീര്‍ത്തും നിരാലംബരും നിര്‍ധനരുമായ 110 വനിതാ അന്തേവാസികളാണു സ്നേഹഭവനിലുള്ളത്.

സമൂഹത്തിലെ അവശറെയും സ്വന്തം കുടുംബത്തില്‍നിന്നു പോലും ആട്ടിയോടിക്കപ്പെട്ടവരേയും സഹായിക്കാന്‍ സ്വയം മുന്നോട്ട് വരുന്ന തറവാട്പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന് ആന്റോ ആന്റണി പറഞ്ഞു. സ്നേഹഭവന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഡൊമിനിക്, എം.പിയില്‍നിന്ന് ഉപകരണങ്ങള്‍ ഏറ്റു വാങ്ങി. മാനസികവും ശാരീരികവുമായ അവശതകള്‍ അനുഭവിക്കുന്ന അന്തേവാസികളെ ജാതിമതഭേദമെന്യേ സംരക്ഷിക്കുന്ന അസീസി സ്നേഹഭവന്‍ പ്രവര്‍ത്തകരുടെ സേവനങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്െടന്നു ചടങ്ങില്‍ സംസാരിച്ച തറവാട് കാരണവര്‍ സണ്ണി കുരുവിള പറഞ്ഞു.

കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസ്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബ്രിജിറ്റ് സിറിയക്, വൈസ് പ്രസിഡന്റ്് ടോമി ജോസഫ് കുന്നേല്‍, സിസ്റ്റര്‍ സിറിള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍